‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ പിടിവീണത് 58 വാഹനങ്ങള്‍ക്ക്


കോഴിക്കോട്: നിയമാനുസൃതമല്ലാതെ വാഹനങ്ങളിലെ ഡോര്‍ ഗ്ലാസുകളിലെയും വിന്‍ഡ് ഷീല്‍ഡ് ഗ്ലാസുകളിലെയും കൂളിങ് ഫിലിമുകളും കര്‍ട്ടനുകളും നീക്കം ചെയ്യാന്‍ മോട്ടര്‍ വാഹനവകുപ്പ് ‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ ആരംഭിച്ചു. വടകരയും കോഴിക്കോട് നഗരവും കേന്ദ്രീകരിച്ച് ആദ്യ ദിവസം നടത്തിയ പരിശോധനയില്‍ 58 വാഹനങ്ങള്‍ക്ക് പിഴ ചുമത്തി.

3 സ്‌ക്വാഡുകളായാണ് മോട്ടര്‍വാഹന വകുപ്പ് ജില്ലയില്‍ പരിശോധന നടത്തിയത്. കൂളിങ് ഫിലിം ഒട്ടിച്ച വാഹനങ്ങള്‍ക്കാണ് കൂടുതലും പിഴ ചിമത്തിയ്ത്. ഇവര്‍ക്ക് 1250 രൂപ പിഴ ചുമത്തുമെന്നു പറഞ്ഞിരുന്നെങ്കിലും ആദ്യ ദിനം താക്കീതായി 250 രൂപ വീതം ഈടാക്കി.

വാഹന ഉടമകള്‍ 3 ദിവസത്തിനകം കൂളിങ് ഫിലിം നീക്കം ചെയ്ത് ആര്‍ടിഒ ഓഫിസില്‍ വാഹനം ഹാജരാക്കണം. ഇല്ലെങ്കില്‍ ഇവരില്‍ നിന്നു 1250 രൂപ ഈടാക്കും. നിയമലംഘനം തുടര്‍ന്നാല്‍ വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇലക്ട്രോണിക് ചലാന്‍ സംവിധാനത്തിലൂടെ പിഴ ചുമത്തുന്നതിനാല്‍ നിയമലംഘനം ആവര്‍ത്തിക്കുന്നവരെ ഇതുവഴി കണ്ടെത്താന്‍ സാധിക്കും. നിയമം നടപ്പാക്കണമെന്ന സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി ഇന്നലെ ആരംഭിച്ച ഓപ്പറേഷന്‍ സ്‌ക്രീന്‍ രണ്ടാഴ്ച നീളും.

ജില്ലയിലെ പരിശോധനയ്ക്ക് മോട്ടര്‍ വാഹന ഇന്‍സ്‌പെക്ടര്‍ സനല്‍ വി.മണപ്പള്ളി, അസി.മോട്ടര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാരായ സി.അനില്‍കുമാര്‍, സനില്‍ കുമാര്‍, എം.പി.മുനീര്‍, എന്‍.രഘുനാഥ്, കെ.ദിജു, പി.എം.ശിവദാസ്, എന്‍.എസ്.ബിനു എന്നിവര്‍ നേതൃത്വം നല്‍കി.