ഓനിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടയാളെ രക്ഷിച്ചു; യുവാക്കള്‍ക്ക് നാടിന്റെ കൈയ്യടി


പെരുവണ്ണാമൂഴി: ഓനിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടയാളെ രക്ഷപ്പെടുത്തി മുതുകാട് ചെങ്കോട്ടക്കൊല്ലിയിലെ രണ്ട് ചെറുപ്പക്കാര്‍ മാതൃകയായി. ചക്കിട്ടപാറ പഞ്ചായത്ത് ഏഴാംവാര്‍ഡിലെ ചെങ്കോട്ടക്കൊല്ലി അമ്പലക്കുന്ന് സോമനെ (55)യാണ് സമീപസ്ഥലത്ത് കളിക്കാനെത്തിയ രാഹുല്‍രാജും പൊന്‍മലപ്പാറ പ്രവീണും ചേര്‍ന്ന് രക്ഷിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം.

ഓനിപ്പുഴയിലെ മറുഭാഗത്തുനിന്ന് ഇക്കരെ ചെങ്കോട്ടക്കൊല്ലി ഭാഗത്തേക്ക് പുഴയിലൂടെ വരുന്നതിനിടയിലാണ് സോമന്‍ ഒഴുക്കില്‍പ്പെട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഇരുവരും പുഴയിലേക്ക് എടുത്തുചാടി സോമനെ പിടിച്ച് കരയിലെത്തിക്കുകയായിരുന്നു. പഞ്ചായത്തംഗം രാജേഷ് തറവട്ടത്ത് ഇരുവരെയും ആദരിച്ചു.