ഓണ്‍ലൈനിലൂടെ വസ്ത്രങ്ങള്‍ വാങ്ങി; അത്തോളി സ്വദേശിക്ക് ലഭിച്ചത് ഉപയോഗിച്ച് പഴകിയതെന്ന് പരാതി
പേരാമ്പ്ര: ഉപയോഗിച്ച് പഴകിയ വസ്ത്രം ഓൺലൈനായി വിൽപന നടത്തിയതായി പരാതി. അത്തോളി സ്വദേശി റാഹിനക്കാണ് പഴയ വസ്തു ലഭിച്ചത്. ഓൺലൈൻ ഷോപ്പിങ് സൈറ്റായ ആത്രേയയിലൂടെ ഷർട്ടും സൽവാർ കമീസുമാണ് റാഹിന വാങ്ങിയത്. 799 രൂപയുടെ ഉൽപന്നങ്ങളായിരുന്നു ഇവ.
ഇ–കാർട്ട് വഴി കഴിഞ്ഞ ദിവസം ഇവ വീട്ടിലെത്തി. എന്നാൽ, കൊറിയർ തുറന്ന് നോക്കിയപ്പോൾ ഉപയോഗിച്ച് പിന്നിയ ഷർട്ടും കീറിയ സാൽവാറുമാണ് ലഭിച്ചതെന്ന് റാഹിന പറഞ്ഞു. സൈറ്റിൽ മടക്കി നൽകാനുള്ള മാർഗമില്ല. ഗുജറാത്തിലെ സൂറത്തിൽ നിന്നാണ് ഉൽപന്നം അയച്ചതെന്നാണ് പാക്കറ്റിലുള്ള വിവരം. പാക്കറ്റിലെ നമ്പറിൽ വിളിച്ചിട്ട് നമ്പർ നിലവിലില്ലെന്നാണ് പറയുന്നതെന്നും റാഹിന പറഞ്ഞു.