ഓണ്‍ലൈനിലൂടെ പണം മാറി അയച്ച ബഹ്റൈന്‍ പൗരന് തുക തിരിച്ചു നല്‍കി മലയാളി യുവാക്കള്‍; പേരാമ്പ്രയിലെ റംഷാദിന്റെയും നൗഫലിന്റെയും സത്യസന്ധതയില്‍ ഉടമയ്ക്ക് തിരികെ ലഭിച്ചത് 400 ദിനാര്‍


പേരാമ്പ്ര: ബഹ്‌റൈൻ ബെനിഫിറ്റ് പേവഴി ബഹ്റൈൻ പൗരൻ അബദ്ധത്തിൽ അയച്ചതുക തിരിച്ചുനൽകി മലയാളി യുവാക്കൾ. ബുദയ്യയിലെ അൽ സഫീർ റെസ്റ്റോറന്റ് ജീവനക്കാരായ പേരാമ്പ്ര സ്വദേശി റംഷാദും നാദാപുരം സ്വദേശി നൗഫലും ആണു നാനൂറ് ഫിൽസിനു പകരം നാനൂറ് ദിനാർ (ഏകദേശം എൺപതിനായിരം രൂപ) അയച്ച സ്വദേശി പൗരൻ ഖാലിദ്‌നെ തേടിപിടിച്ചു തുക തിരിച്ചേൽപ്പിച്ചത്.

കഴിഞ്ഞ ദിവസം 400 ഫിൽസ് വില വരുന്ന മാങ്ങാ ജ്യൂസ് വാങ്ങിയ സ്വദേശി പൗരനായ ഖാലിദ് തുക ബെനിഫിറ്റ് വഴി അയക്കുകയായിരുന്നു. രാത്രിയിൽ വലിയ തുക റെസ്റ്റോറന്റിന്റെ അക്കൗണ്ടിലേക്ക് വന്നതായി ശ്രദ്ധയിൽപ്പെട്ട യുവാക്കൾ തുക അയച്ച അക്കൗണ്ട് നമ്പർ കണ്ടെത്തിയെങ്കിലും അയച്ച ആളുടെ ഫോൺ നമ്പർ കണ്ടെത്താനായില്ല. ബെനിഫിറ്റ് വഴി ഒരുതുക ട്രാൻസ്ഫർ ചെയ്താൽ ട്രാൻസ്ഫർ ഉറപ്പുവരുത്തുന്ന മെസ്സേജിൽ അക്കൗണ്ട് ഉടമയുടെ നമ്പർ ലഭിക്കുമെന്ന് മനസ്സിലാക്കിയ യുവാക്കൾ ഈ തുകവന്ന അക്കൗണ്ടിലേക്ക് 100 ഫിൽസ് അയക്കുകയും അങ്ങനെ അക്കൗണ്ട് ഉടമയുടെ നമ്പർ കണ്ടെത്തുകയുമായിരുന്നു.

തുടർന്നു അദ്ദേഹത്തെ ബന്ധപ്പെടുകയായിരുന്നു. ബഹ്റൈൻ സ്വദേശി റെസ്റ്റോറന്റിൽ എത്തി തുക കൈപ്പറ്റി. തുക തിരികെ ലഭിച്ച ബഹ്റൈൻ പൗരനും പോലീസുകാരും യുവാക്കളെ അഭിനന്ദിച്ചു. ഈസ്റ്റ് പേരാമ്പ്ര മഹല്ല് കൂട്ടായ്മ കമ്മിറ്റി ബഹ്റൈൻ പ്രതിനിധികൂടിയാണു റംഷാദ്.