ഓണത്തിന് മുമ്പ് പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ ആവർത്തിച്ച കെ.പി.സി.സി ഭാരവാഹിപ്പട്ടിക വൈകുന്നു


കോഴിക്കോട്: ഓണത്തിന് മുമ്പ് പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ ആവർത്തിച്ച കെ.പി.സി.സി ഭാരവാഹിപ്പട്ടിക വൈകുന്നു. മുതിർന്ന നേതാക്കളുടെ അതൃപ്തിയും കേന്ദ്രനേതൃത്വത്തിന്‍റെ ഇടപെടലുമാണ് പട്ടിക വൈകാന്‍ കാരണം. ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളെക്കൂടി വിശ്വാസത്തിലെടുത്ത് ഉടന്‍ പട്ടിക പ്രഖ്യാപിക്കാനുളള ശ്രമത്തിലാണ് നേതാക്കള്‍.

ഗ്രൂപ്പ് സമ്മർദ്ദങ്ങളെ അതിജീവിച്ചും ജംബോ പട്ടിക വെട്ടിക്കുറച്ചും കോണ്‍ഗ്രസ്സിന് ഒരു നേതൃനിര എത്രകണ്ട് സാധ്യമാകുമെന്നത് നേരത്തേ ഉയർന്ന ചോദ്യമായിരുന്നു. ജംബോ പട്ടികയോട് വിട്ടുവീഴ്ചക്ക് തയ്യാറായ ഗ്രൂപ്പ് നേതാക്കള്‍ പക്ഷേ, തങ്ങളുടെ ഇഷ്ടക്കാർക്ക് പലർക്കും പരിഗണന ലഭിക്കില്ലെന്ന് മണത്തതോടെ ഇടയുകയും ചെയ്തു. ഓണത്തിന് മുമ്പ് ഭാരവാഹികളെ പ്രഖ്യാപിക്കുമെന്ന് ആവർത്തിച്ച സംസ്ഥാന നേതൃത്വം, പട്ടിക കേന്ദ്രനേതൃത്വത്തിന് കൈമാറുകയും ചെയ്തതാണ്. എന്നാല്‍, മുതിർന്ന നേതാക്കള്‍ ഇടയുകയും ഹൈക്കമാന്‍റിന് മുന്നില്‍ പരാതികളെത്തുകയും ചെയ്തതോടെയാണ് പ്രഖ്യാപനം വൈകുന്നത്.

അതൃപ്തരെ അനുനയിപ്പിക്കുന്നതിന് ഹൈക്കമാന്‍റ് ഇടപെടല്‍ തുടരുകയാണ്. എന്നാല്‍, മുതിർന്ന നേതാക്കളുടെ ആവശ്യങ്ങള്‍ പൂർണാർത്ഥത്തില്‍ ഹൈക്കമാന്‍റ് അംഗീകരിക്കുമോ അതോ നേതൃത്വം നല്‍കിയ പട്ടികക്ക് അതേപടി അംഗീകാരം നല്‍കുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്. മുതിർന്ന നേതാക്കളുടെ അതൃപ്തി പരിഹരിക്കാതെ ഹൈക്കമാന്‍റ് ഇനിയുമൊരു പരീക്ഷണത്തിന് മുതിരുമോയെന്നതും ഉറ്റുനോക്കപ്പെടുകയാണ്. എന്നാല്‍, ഗ്രൂപ്പുകളെ അപ്രസക്തമാക്കാനുളള നീക്കത്തിന് വഴങ്ങേണ്ടതില്ലെന്ന കടുത്ത നിലപാടില്‍ തുടരുകയാണ് മുതിർന്ന നേതാക്കള്‍.

ഡി.സി.സി ഭാരവാഹികളുടെ അന്തിമ പട്ടികയില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം കുറഞ്ഞത് കേന്ദ്രനേതൃത്വം ഏത് വിധത്തില്‍ പരിഹരിക്കുമെന്നതും ശ്രദ്ധേയമാണ്. ചർച്ചകളും തർക്കങ്ങളുമായി പ്രഖ്യാപനം ഇനിയും വൈകുമോ അതോ ഡിസിസി അധ്യക്ഷന്മാരെയും കെപിസിസി ഭാരവാഹികളെയും ഉടന്‍ പ്രഖ്യാപിക്കുമോയെന്ന് കാത്തിരിക്കുകയാണ് പ്രവർത്തകർ.