‘ഒഴിവു ദിനങ്ങള്‍ ആഘോഷമാക്കി പ്രകൃതിയുടെ വന്യതയിലൂടെ യാത്രചെയ്യാം’; താമരശ്ശേരിയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സിയുടെ ഉല്ലാസയാത്രക്ക് നാളെ തുടക്കം, ടിക്കറ്റ് നിരക്ക് 650 രൂപ


താമരശ്ശേരി: പ്രകൃതിയുടെ വന്യതയിലൂടെ കെ.എസ്.ആര്‍.ടി.സിയുടെ ഉല്ലാസയാത്രക്ക് ഞായറാഴ്ച തുടക്കം. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഉല്ലാസയാത്രയാണ് നാളെ ആരംഭിക്കുന്നത്. തുഷാരഗിരിയിലെ വെള്ളച്ചാട്ടങ്ങള്‍, പുതുപ്പാടി കാക്കവയല്‍ വനപര്‍വം, താമരശ്ശേരി ചുരം, ലക്കിടിയിലെ ചങ്ങല മരം, പൂക്കോട് തടാകം എന്നിവ ബന്ധപ്പെടുത്തിയാണ് യാത്ര.

ഞായറാവ്ച രാവിലെ ഏഴിന് താമരശ്ശേരി ഡിപ്പോയില്‍നിന്ന് യാത്ര ആരംഭിക്കും. അടിവാരത്ത് പ്രഭാത ഭക്ഷണത്തിന് ശേഷം ചുരം കയറി ലക്കിടിയിലെ കരിന്തണ്ടന്‍ സ്മരണ നിലനില്‍ക്കുന്ന ചങ്ങല മരത്തിന് അടുത്തെത്തും. പൂക്കോട് തടാകത്തില്‍ രണ്ടു മണിക്കൂര്‍ ചെലവഴിക്കാം. താമരശ്ശേരി ചുരം വഴി ചിപ്പിലിത്തോടിലൂടെ തുഷാരഗിരിയിലെത്തും. തിരിച്ച് അടിവാരത്തെത്തി ഉച്ചഭക്ഷണം കഴിക്കാം. കാക്കവയല്‍ വനപര്‍വം സന്ദര്‍ശിച്ച് ആറോടെ താമരശ്ശേരിയില്‍ തിരിച്ചെത്തുന്ന തരത്തിലാണ് ഷെഡ്യൂള്‍. വിനോദയാത്രയ്ക്ക് ഒരാള്‍ക്ക് 650 രൂപയാണ്. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരത്തെ ചായ, സന്ദര്‍ശന സ്ഥലങ്ങളിലെ എന്‍ട്രി ഫീസ് ഉള്‍പ്പെടുന്നതാണ് തുക.


ഒഴിവുകാലം ഉല്ലാസഭരിതമാക്കാന്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ പ്രകൃതിയുടെ വശ്യതയിലൂടെയുള്ള യാത്രയാണ് ലക്ഷ്യമിടുന്നതെന്നും യാത്രക്കുള്ള ഒരുക്കം പൂര്‍ത്തിയായതായും കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ കെ.ബൈജു പറഞ്ഞു. ഞായറാഴ്ച യാത്രക്ക് 108 പേര്‍ ബുക്ക് ചെയ്തതായും രണ്ട് ബസുകള്‍ തയ്യാറാക്കിയതായും അദ്ദേഹം പറഞ്ഞു.

ആദ്യഘട്ടത്തില്‍ ഞായറാഴ്ചകളില്‍ മാത്രമാകും ബസ് സര്‍വിസ്. സീറ്റുകള്‍ മുഴുവന്‍ ബുക്കിങ് ആയാല്‍ സ്‌പെഷല്‍ സര്‍വിസ് നടത്തുമെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ വ്യക്തമാക്കി.

യാത്രയില്‍ ഉള്‍പ്പെടുത്തിയ സ്ഥലങ്ങളെ കുറിച്ച് വിശദമായി അറിയാം:

  • പൂക്കോട് തടാകം

പശ്ചിമ ഘട്ടത്തില്‍ പ്രകൃതി തലമുറകള്‍ക്കായി കാത്തുവെച്ച കളിപ്പൊയ്കയാണ് വയനാട് ജില്ലയിലെ പൂക്കോട് തടാകം. മൂന്ന് കുന്നുകള്‍ക്കിടയില്‍ ഒരിക്കലും വറ്റാതെ നിറഞ്ഞു നില്‍ക്കുകയാണ് തെളിനീരു മാത്രമുള്ള ഈ ശുദ്ധജലതടാകം. 13 ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു. നീലാംബല്‍ പൂക്കള്‍ സൗരഭ്യം വിതറുന്ന തടാകക്കരയില്‍ തിരക്കൊഴിഞ്ഞ നേരമില്ല.

  • ചങ്ങല മരം

വയനാട് ലക്കിടിയില്‍ ഹൈവേക്കു സമീപം ദൈവിക പരിവേഷമുള്ള ഒരു വൃക്ഷമുണ്ട് അതാണ് ചങ്ങലമരം. ജീവത്യാഗത്തിന്റെ കഥയാണ് ഈ വൃക്ഷത്തെ ചുറ്റിപറ്റിയുള്ളത്. വിലമതിക്കാനാവാത്ത വിഭവങ്ങള്‍ കടത്തികൊണ്ടുപോകാന്‍ പാത നിര്‍മ്മിക്കുന്നതിനായി ഒരു ബ്രിട്ടീഷ് എന്‍ജിനീയര്‍ കണ്ടെത്തിയ ഒരു മാര്‍ഗദര്‍ശി ആയിരുന്നു കരിന്തണ്ടന്‍. എന്നാല്‍ പാതനിര്‍മാണത്തിന്റെ മുഴുവന്‍ അംഗീകാരവും നേടിയെടുക്കാന്‍ എന്‍ജിനീര്‍ കരിന്തണ്ടനെ വെടിവെച്ചു കൊന്നു. അതിന്റെ ഫലമായി കരിന്തണ്ടന്റെ ആത്മാവിനെ തളച്ചിട്ട സ്ഥലമാണ് ചങ്ങല മരം എന്നാണ് ഐതിഹ്യം.

  • താമരശ്ശേരി ചുരം

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്തു അടിവാരത്തുനിന്നും 12 കിലോമീറ്റര്‍ നീളത്തില്‍ സ്ഥിതിചെയ്യുന്നു. സമുദ്ര നിരപ്പില്‍ നിന്നും 2625 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചുരത്തിന്റെ ഏറ്റവും ഉയരത്തില്‍ നിന്നും നോക്കിയാല്‍ കോഴിക്കോട് ജില്ല മുഴുവനായും കാണാം. അനശ്വര നടന്‍ ശ്രീ പപ്പുവിന്റെ വാക്കുകളിലൂടെ ഈ ചുരം ഏവര്‍ക്കും സുപരിചിതമാണ്

  • തുഷാരഗിരി വെള്ളച്ചാട്ടം

മഞ്ഞണിഞ്ഞ മലകള്‍ എന്നര്‍ത്ഥം വരുന്ന തുഷാരഗിരി പശ്ചിമഘട്ടത്തിന്റെ താഴ്വരയില്‍ കോഴിക്കോട് ജില്ലയിലാണ് പ്രകൃതി രമണീയമായ ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ ഉയരംകൂടിയ ആര്‍ച്ച് മോഡല്‍ പാലം നിര്‍മിച്ചിരിക്കുന്നത് ഇവിടെയാണ്. ധാരാളം മലയാളസിനിമകള്‍ക്ക് വേദിയായ ഒരിടം കൂടിയാണിത്

  • കാക്കവയല്‍ വനപര്‍വം

ഒട്ടേറെ ഔഷധ സസ്യങ്ങളും, പൂച്ചെടികളും, വൈവിദ്യങ്ങളായ ചിത്ര ശലഭങ്ങളും, കാട്ടരുവിയും തുടങ്ങി പ്രകൃതി കനിഞ്ഞരുളിയ എല്ലാ വൈവിദ്യങ്ങളും ഒത്തുചേര്‍ന്ന പ്രകൃതിയെ തൊട്ടറിയാനുള്ള ഒരു കാവ്യ പര്‍വമാണിത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.എസ്.ആര്‍.ടി.സിയുടെ താമരശ്ശേരി ഡിപ്പോയുമായി ബന്ധപ്പെടാം.

ഫോണ്‍ നമ്പര്‍: 0495 2222217.

മൊബൈല്‍ നമ്പറുകള്‍: 9895218975, 9961062548, 8848490187