ഒറ്റയ്ക്കൊരാൾ കിണറ് കുഴിച്ചു, നനവ് കണ്ടു; കൊടക്കാട്ടുംമുറിയിലെ രാജുവിന്റെ വിജയകഥ


കൊയിലാണ്ടി: സ്വന്തമായി കിണർ എന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നു. അത് ഒറ്റയ്ക്ക്തന്നെ കുഴിച്ചു കൊണ്ട് സാക്ഷാത്ക്കരിക്കുകയാണ് കൊടക്കാട്ട്മുറി രാജു. കോവിഡ് കാലത്തെ വിരസതയിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിൽ നിന്നാണ് ഈ ആശയം ഉദിച്ചത്. പരസഹായമില്ലാതെ എല്ലാ ജോലികളും ഇയാൾ തന്നെയാണ് ചെയ്യുന്നത്.

കുട്ടക്കല്ലും ഉറച്ചതുമായ ഈ പ്രദേശത്ത് കിണർ കുഴിക്കുക എന്ന ഏറെ ദുഷ്ക്കരമായ അവസ്ഥയിൽ മുൻപരിചയമില്ലാത്ത രാജു ഒറ്റയ്ക്ക് കിണർ കുഴിക്കാൻ തുടങ്ങിയപ്പോൾ കാഴ്ചക്കാർ ആദ്യം നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നാൽ നിശ്ചയദാർഡ്യത്തോടെ രാജു പ്രവർത്തി തുടരുകയാണ് ചെയ്തത്.

ടൈലിന്റെയും തേപ്പിന്റെയും ജോലിക്കാരാനായ രാജു തന്റെ ജോലിക്ക് ശേഷമാണ് കിണറിന്റെ പ്രവർത്തനത്തിന് ഇറങ്ങാറ്. കുഴിയെടുക്കുമ്പോഴുള്ള മണ്ണ് കയർ ഉപയോഗിച്ച് കുഴിക്കകത്ത് നിന്നുകൊണ്ട് പുറത്ത് കളയുന്ന രീതിയിൽ ആണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. എട്ട് കോൽ ഇതിനകം കുഴിച്ച് കഴിഞ്ഞു.

മണ്ണിൽ നനവ് അനുഭവപ്പെടുന്നതിന്റെ സന്തോഷത്തിലാണ് രാജുവിന്റെ കുടുംബവും പ്രദേശവാസികളും. രണ്ട് കോൽ കൂടി കുഴിച്ചാൽ വെള്ളം കാണും എന്ന പ്രതീക്ഷയിലാണ് രാജു.

തിരുവനന്തപുരം സ്വദേശിയായ രാജു പതിനെട്ട് വർഷമായി കൊടക്കാട്ട്മുറി മന്നിക്കണ്ടിയിലാണ് താമസിക്കുന്നത്. ഭാര്യ സുശീല. ഏകമകൾ അനുജി വിവാഹിതയാണ്. കഠിനാധ്യാനത്തിലൂടെ മാതൃക തീർക്കുന്ന രാജുവിനെ തേടി വരുന്ന അഭിനന്ദന പ്രവാഹത്തിന്റെ സന്തോഷത്തിലാണ് കുടുംബം.