ഒറ്റ ക്ലിക്കില്‍ പരിശോധിക്കാം കെ റെയില്‍ കടന്നു പോകുന്നത് നിങ്ങളുടെ പ്രദേശത്തു കൂടെ ആണോയെന്ന്


തിരുവനന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ നിര്‍മിക്കുന്ന പുതിയ വേഗ റെയില്‍പാതയ്ക്കായി ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ ആരംഭിക്കാനിരിക്കെ പാത ഏതൊക്കെ സ്ഥലങ്ങളിലൂടെ കടന്നു പോകുമെന്ന് അറിയാന്‍ മാപ്പ് പ്രസിദ്ധീകരിച്ച് അധികൃതര്‍. നിലവിലെ പദ്ധതിരേഖ അനുസരിച്ച് പാത കടന്നുപോകുന്ന അലൈന്‍മെന്റിന്റെ രൂപരേഖയുടെ മാപ്പ് കെ-റെയിലിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്

ഈ പാതയില്‍ നേരിയ വ്യത്യാസങ്ങള്‍ പ്രതീക്ഷിക്കാമെങ്കിലും ഓരോ സ്ഥലത്തിന്റെയും കൃത്യമായ വിവരങ്ങള്‍ മാപ്പില്‍ ഉണ്ട്. സ്മാര്‍ട്ട് ഫോണില്‍ പ്രവര്‍ത്തിക്കുന്ന തരത്തില്‍ ഗൂഗിള്‍ മാപ്പിലാണ് പാതയുടെ അലൈന്‍മെന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ട്രെയിന്‍ നാലു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തുനിന്നും കാസര്‍ഗോഡ് എത്തുമെന്നാണ് കരുതുന്നത്. ട്രെയിനുകള്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാവും സഞ്ചരിക്കുക.

ഈ സില്‍വര്‍ ലൈന്‍ട്രാക്കില്‍ 11 സ്റ്റേഷനുകള്‍ ഉണ്ട്. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, കൊച്ചി വിമാനത്താവളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സ്റ്റേഷനുകള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ നെടുമ്പാശേരി വിമാനത്താവളത്തിനോടു ചേര്‍ന്നാണ് സ്റ്റേഷന്‍ അനുവദിച്ചിരിക്കുന്നത്. തിരക്കേറിയ തിരുവനന്തപുരം-എറണാകുളം പാതയില്‍ യാത്രാസമയം വെറും ഒന്നര മണിക്കൂറായിരിക്കുമെന്നാണ് പ്രതീക്ഷ.