ഒരു ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി പയ്യോളി സ്വദേശികളായ രണ്ട് യുവാക്കള്‍ അറസ്റ്റില്‍


പയ്യോളി: കോഴിക്കോട് എം.ഡി.എം.എയുമായി രണ്ട് പേര്‍ അറസ്റ്റില്‍. ഉത്തരമേഖലാ എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡാണ് ഇവരെ അറസ്റ്റു ചെയ്തത്.

പയ്യോളിയില്‍ ബേക്കറി നടത്തുന്ന ആശാരിവളപ്പില്‍ സമീര്‍മുഹമ്മദ് (39), ചേളന്നൂര്‍ സ്വദേശി കാരാട്ട് മീത്തല്‍ എടക്കര ഷാഗേഷ് (29) എന്നിവരെയാണ് കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ശരത്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.

820 മില്ലിഗ്രാം എം.ഡി.എം.എ.യാണ് ഇവരില്‍നിന്നും ലഭിച്ചത്. ഇവര്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തു. കോഴിക്കോട് സ്വകാര്യഹോട്ടലിനുമുന്നിലെ കാര്‍ പാര്‍ക്കിങ് സ്ഥലത്തുനിന്ന് രാത്രിയാണ് ഇവരെ പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നും വരികയായിരുന്നു.

മയക്കുമരുന്നിന് വിപണിയില്‍ ഒരുലക്ഷം രൂപയോളം വിലവരും. എക്‌സൈസ് സംഘത്തില്‍ പി.ഒ. ഉണ്ണികൃഷ്ണന്‍, സി.ഇ.ഒ.മാരായ യോഗേഷ് ചന്ദ്ര, ദിലീപ് എന്നിവരും ഉണ്ടായിരുന്നു. കോഴിക്കോട് ജെ.എഫ്.എം. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു.