“ഒരു ഫോൺ കോൾ വന്ന് വെളിയിലേക്കു പോയതാണ്, പിന്നീട് കാണുന്നത് പിറ്റേന്ന് രാവിലെ റെയിൽവേ പാളത്തിൽ ബോധരഹിതനായി”; നന്തിയിൽ ട്രെയിൻ തട്ടി മരിച്ച മുഹമ്മദ് ഷാഫിയുടെ മരണത്തിൽ ദുരൂഹതയേറുന്നു
കൊയിലാണ്ടി: ജനുവരി മൂന്നാം തീയതി നന്തിയിൽ ട്രെയിൻ തട്ടി മരിച്ച മുഹമ്മദ് ഷാഫിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ അഞ്ചോളം മരണങ്ങൾ കൊയിലാണ്ടി മേഖലയിലെ റെയിൽവേ പാളങ്ങളിലുണ്ടായെങ്കിലും ഷാഫിയുടെ മരണത്തിൽ ദുരൂഹത ഉയരാൻ ചില കാരണങ്ങൾ പ്രദേശവാസികളും നാട്ടുകാരും ഉയർത്തുന്നു.
സംഭവം നടന്നതിന്റെ തലേ ദിവസം രാത്രി ഏകദേശം എട്ടു മണി സമയത്താണ് മുഹമ്മദ് ഷാഫിക്ക് ഒരു ഫോൺ കാൾ വരുന്നത്. ഉടനെ തന്നെ വീട്ടിൽനിന്ന് പുറപ്പെട്ട് പോയ ഷാഫിയെ പിന്നീട് കാണുന്നത് നന്തി റെയിൽവേ പാളത്തിന് താഴെ ഗുരുതരമായ പരിക്കുകളോടെ ബോധരഹിതനായ നിലയിൽ.
വടകര പതിയാരക്കര കോലാടത്ത് ബഷീറിൻ്റെയും നന്തി തട്ടാൻ കണ്ടി റസിയുടെയും മകൻ മുഹമ്മദ് ഷാഫി നന്തിയിലെ ഉമ്മയുടെ വീട്ടിലെത്തിയതായിരുന്നു. വീട്ടിൽ നിന്ന് ഫോൺ കോൾ വന്നതിനെ തുടർന്ന് പുറത്തേക്കു പോയി. എന്നാൽ പിറ്റേന്ന് രാവിലെ റെയില്‍വേ ട്രാക്കിന് സമീപത്തു കൂട്ടി പത്രമിടാൻ പോയവരാണ് അസ്വാഭാവികമായ നിലയിൽ ഒരു പയ്യൻ റെയിൽവേ ട്രാക്കിൽ കിടക്കുന്നത് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്കു സാരമായ പരുക്കേറ്റിരുന്നതിനാൽ ചികിത്സയിലിരിക്കെ മരിച്ചു.
‘ഉമ്മയുടെ വീട്ടില്‍ നില്ക്കുന്ന സമയത്ത് ഷാഫിയെ ഫോണില്‍ ആരോ വിളിച്ചെന്നും പെട്രോള്‍ വാങ്ങിക്കൊടുക്കാനെന്നു പറഞ്ഞാണ് ഷാഫി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതെന്നുമാണ് അദ്ദേഹം പറഞ്ഞത്. വീട്ടില്‍ നിന്നും ഇറങ്ങുന്ന സമയത്ത് ഷാഫിയുടെ ഫോണില്‍ ചാര്‍ജ് കുറവായിരുന്നു. പിന്നീട് വിളിച്ചുനോക്കിയപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് എന്നാണ് പറഞ്ഞത്’. നന്തിയില്‍ ഷാഫിയുടെ ഉമ്മയുടെ വീടിനടുത്തുള്ള സമീർ പേരാമ്പ്ര ന്യൂസിനോട് പറഞ്ഞു
‘ട്രെയിൻ തട്ടിയാണ് അപകടം നടന്നതെങ്കിലും രാത്രി മുഴുവനും മുഹമ്മദ് ഷാഫി എവിടെയായിരുന്നു എന്ന സംശയമാണ് നാട്ടുകാർ ഉയർത്തുന്നത്. റെയിൽവേ ട്രാക്കിന്റെ താഴയായാണ് ഷാഫി കിടന്നിരുന്നത്. രാവിലെ കണ്ടെത്തുമ്പോഴും ബോധമുണ്ടായിരുന്നു, തലയ്ക്കു സാരമായ പരുക്കുകൾ ഉള്ളതിനാൽ തന്നെ രാവിലെ വരെ ജീവനോടെ ഇരിക്കുക വിശ്വസിക്കാൻ അൽപ്പം പ്രയാസമുണ്ട്. അതിനാൽ തന്നെ പുലർച്ചെ എപ്പോഴോ ആണ് അപകടം നടന്നതെന്നാണ് സംശയം.’
‘കൂടാതെ തെരുവ് നായകളുടെയും കുറുക്കന്മാരുടെയും ശല്യം അസഹ്യമായ ഒരിടമാണ് ഇവിടം. തലയിലുണ്ടായ മുറിവിൽ നിന്ന് ഒഴുകിയ ചോര മണത്തിൽ ഇവർ ഷാഫിയെ ഉപദ്രവിച്ചേനെ. എന്നാൽ അത്തരത്തിൽ യാതൊരു വിധ പരിക്കുകളും പോസ്റ്റ് മാർട്ടത്തിൽ കണ്ടെത്തിയിട്ടില്ല.’ ഷാഫിയുടെ ഉമ്മ ഇടയ്ക്കു വിളിച്ചപ്പോഴും കൂടെ ആളുകൾ സംസാരിക്കുന്നതായി തോന്നിയെന്നും പറയപ്പെടുന്നു.
ഈ കാരണങ്ങളാൽ തന്നെ അപകടം പുലർച്ചെ എപ്പോഴോ ആയിരിക്കാം നടന്നെതെന്നാണ് നാട്ടുകാർ ശക്തമായി വിശ്വസിക്കുന്നത്. വൈകിട്ട് വീട്ടിൽ നിന്ന് പോയ ഷാഫി അത്രയും നേരം എവിടെയായിരുന്നു, എന്ത് സംഭവിച്ച തുടങ്ങിയ കാര്യങ്ങളിലെ ദുരൂഹത വെളിച്ചത്തു കൊണ്ടുവരണമെന്ന് സി.പി.എം നന്തി ടൗൺ ബ്രാഞ്ച് ആവശ്യപ്പെട്ടു. സമഗ്രമായ അന്വേഷണം നടത്തുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രിക്ക് സി.പി.എം നിവേദനം നൽകിയിട്ടുണ്ട്.