ഒമിക്രോണിനെതിരെ അതീവ ജാഗ്രതയിൽ കേരളം; വിദേശത്ത് നിന്നെത്തുന്നവർക്ക് ഏഴ് ദിവസം ക്വാറന്റൈൻ നിർബന്ധം; യാത്രയ്ക്ക് മുമ്പും ശേഷവും ക്വാറന്റൈന് ശേഷവും ആര്‍.ടി.പി.സി.ആര്‍


കൊച്ചി: കൊറോണ വൈറസിന്റെ അപകടകാരിയായ വകഭേദം ഒമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ പടരുന്ന സാഹചര്യത്തില്‍ ജാഗ്രത കടുപ്പിച്ച് കേരളം. ഇതിന്റെ ഭാഗമായി വിദേശത്ത് നിന്ന് സംസ്ഥാനത്ത് എത്തുന്നവരെ കര്‍ശനമായി നിരീക്ഷിക്കും.

വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ യാത്രയ്ക്ക് മുമ്പും ശേഷവും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം. ഇത് കൂടാതെ ഇവര്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണം. തുടര്‍ന്ന് എട്ടാം ദിവസം ഒരു തവണ കൂടി ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം.

ക്വാറന്റൈന് ശേഷമുള്ള ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയാല്‍ വീണ്ടും ഏഴ് ദിവസം കൂടി ക്വാറന്റൈനില്‍ കഴിയണം. ഇത്തരത്തില്‍ പോസിറ്റീവ് ആവുന്നരുടെ സാമ്പിള്‍ ജനിതക ശ്രേണീകരണത്തിനായി അയക്കണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം.

ഇതിന്റെ ഭാഗമായി നെടുമ്പാശ്ശേരി ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും വിദേശത്ത് നിന്ന് കേരളത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്ന സാഹചര്യമായതിനാലാണ് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ഒമിക്രോണ്‍ ഭീഷണിയെ തുടര്‍ന്ന് കര്‍ണാടകയും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. പത്ത് ദിവസത്തെ ഇടവേളയില്‍ കുറഞ്ഞത് മൂന്ന് പരിശോധനയെങ്കിലും നടത്തിയേ യാത്രക്കാരെ പുറത്ത് വിടൂ. മുന്‍കരുതല്‍ നടപടിയായി മറ്റ് രാജ്യങ്ങളില്‍ നിന്ന് ഈ മാസം ഒന്നുമുതല്‍ എത്തിയ മുഴുവന്‍ പേരെയും കണ്ടെത്തി വീണ്ടും പരിശോധന തുടങ്ങി.

കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ണാടകയില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലും റെയില്‍വേ ബസ് ടെര്‍മിനലുകളിലും പരിശോധന ഊര്‍ജ്ജിതമാക്കി. 24 മണിക്കൂര്‍ പരിശോധനയ്ക്കായി കൂടുതല്‍ പൊലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും വിന്യസിച്ചു.

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ച്ച ക്വാറന്റീന്‍ വേണം. പതിനാറാം ദിവസം കൊവിഡ് പരിശോധന നടത്തിയ ശേഷമേ ക്ലാസിലേക്ക് പ്രവേശനം അനുവദിക്കു. അതേസമയം ബെംഗളൂരു ഹൊസൂര്‍ വെറ്റിനറി കോളേജിലെ ഏഴ് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ചന്ദാപുര നഴ്‌സിങ്ങ് കോളേജിലെ 12 മലയാളി വിദ്യാര്‍ത്ഥികള്‍ പോസിറ്റീവായിരുന്നു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.