ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് പന്ത്രണ്ട് പേര്‍ക്ക്


ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. മഹാരാഷ്ട്രയില്‍ ഇന്ന് പുതുതായി റിപ്പോര്‍ട്ട് ചെയ്ത ഏഴ് കേസുകള്‍ ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയില്‍ വിദേശത്തുനിന്ന് മടങ്ങിയെത്തിയ നാലു പേര്‍ക്കും അവരുമായി അടുത്തിടപഴകിയ മൂന്നു പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകള്‍ എട്ടായി.

ഞായറാഴ്ച രാവിലെ ഡല്‍ഹിയിലും ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തേ സിംബാബ്വെയില്‍നിന്നു കഴിഞ്ഞമാസം 28ന് ഗുജറാത്തിലെ ജാംനഗറിലെത്തിയ 72 വയസ്സുകാരനും ദക്ഷിണാഫ്രിക്കയില്‍ നിന്നു കഴിഞ്ഞ മാസം 24ന് മുംബൈ ഡോംബിവ്ലിയിലെത്തിയ 33 വയസ്സുകാരനും ശനിയാഴ്ച ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. നേരത്തേ സ്ഥിരീകരിച്ച രണ്ടു പേരും ബെംഗളൂരുവിലായിരുന്നു. ഇതില്‍ ദക്ഷിണാഫ്രിക്കന്‍ പൗരനായ ഒരാള്‍ രാജ്യം വിട്ടു.

അതേസമയം കോഴിക്കോട് ജില്ലയില്‍ ഒമിക്രോണ്‍ നിരീക്ഷണത്തിലുള്ള മൂന്നു പേരുടെ ഫലം ലഭിക്കാനുണ്ട്. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ട് പേരും അതിലൊരാളുടെ അമ്മയുമാണ് നിരീക്ഷണത്തില്‍. ഇവര്‍ കോവിഡ് പോസിറ്റിവായതിനെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ ആക്കിയത്.

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ റഷ്യന്‍ പൗരന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഒമിക്രോണ്‍ വകഭേദമാണോ എന്നറിയാന്‍ സാംപിള്‍ ജനിതക ശ്രേണി പരിശോധനയ്ക്ക് അയച്ചു.