ഒമിക്രോണിന് ഡെല്‍റ്റയേക്കാള്‍ മൂന്നിരട്ടി വ്യാപനശേഷി; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി കേന്ദ്രം


ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഒമിക്രോണ്‍ കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തെക്കാള്‍ മൂന്നിരിട്ടി വ്യാപനശേഷിയുള്ളതാണെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പരിശോധനയും നിരീക്ഷണവും ആശുപത്രി സൗകര്യങ്ങളെല്ലാം സജ്ജമാക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും കത്തിലൂടെ അറിയിച്ചു.

വാര്‍ റൂം ആരംഭിക്കാനും, കണ്ടെയ്ന്‍മെന്റേ സോണുകള്‍ തിരിച്ച് നിരീക്ഷണം നടത്താനും സംസ്ഥാനങ്ങള്‍ തയ്യാറെടുക്കണമെന്ന് ആരോഗ്യ സെക്രട്ടറി കത്തിലൂടെ മുന്നറിയിപ്പ് നല്‍കി. പ്രദേശികമായോ ജില്ലാ തലത്തിലോ മുന്നൊരുക്കങ്ങള്‍ സജ്ജമാക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

അതേസമയം നമ്മുടെ രാജ്യത്തെ ഡല്‍റ്റ സാന്നിധ്യം ചിലയിടങ്ങളില്‍ ഇപ്പോഴുമുണ്ട്, അതിനാല്‍ ഒമിക്രോണിന്റെ സാന്നിധ്യം കണ്ടത്താന്‍ സംസ്ഥാനങ്ങള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രം അറിയിച്ചു.

പത്ത് ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശത്തെയോ ആശുപത്രികളിലെ ഓക്‌സിജനും ഐ.സി.യുവും ആഴ്ചയില്‍ 40% കവിഞ്ഞിരിക്കുകയാണെങ്കിലോ പ്രദേശികമായോ ജില്ല തലത്തിലോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിര്‍ണയിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരുക്കണമെന്ന് രാജേഷ് ഭൂഷന്‍ തന്റെ കത്തില്‍ പറയുന്നു. അതുപോലെ തന്നെ ആശുപത്രികളിലെ കിടക്കകള്‍, ഐസിയു കിടക്കള്‍, ഓക്‌സിജന്‍ എന്നിവയുടെ ലഭ്യത വര്‍ധിപ്പിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കണ്ടെയ്ന്‍മെന്റ് നടപടിക്രമങ്ങള്‍ക്കു പുറമേ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താനും വലിയ ആള്‍ക്കൂട്ടങ്ങള്‍ നിയന്ത്രിക്കാനും വിവാഹത്തിനും സംസ്‌കാരചടങ്ങുകള്‍ക്കും എത്തുന്ന ആളുകളുടെ എണ്ണം കുറയ്ക്കാനും ഓഫീസുകളിലും പൊതുഗതാഗതമാര്‍ഗങ്ങൡും ആളുകളെ നിയന്ത്രിക്കാനും അദ്ദേഹം നിര്‍ദേശിച്ചു.

അതുപോലെ തന്നെ വാക്‌സിനേഷന്‍ നടപടികള്‍ വേഗമാക്കാനും സംസ്ഥാനങ്ങള്‍ ശ്രദ്ധ ചെലുത്തണമെന്ന് കേന്ദ്രം നിര്‍ദേശം നല്‍കിട്ടുണ്ട്. ഇന്ന് ഇതുവരെ രാജ്യത്ത് 200 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 77 രോഗികള്‍ രാജ്യത്തിന്റെ പുറത്ത് നിന്ന് വന്നവരാണ്.

മഹരാഷ്ട്രയിലും ഡല്‍ഹിയിലും 54 കേസുകള്‍, തെലങ്കാനയില്‍ 20, കര്‍ണാടക 19, രാജസ്ഥാന്‍ 18, കേരളം 15, ഗുജറാത്ത് 14 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്.