ഒമിക്രോണിനെ നിസ്സാരനായി കാണല്ലേ; കോഴിക്കോട് ഇന്ന് അഞ്ച് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു, സംസ്ഥാനത്ത് ആകെ രോഗബാധിതര്‍ എഴുനൂറ് കടന്നു


കോഴിക്കോട്: ജില്ലയില്‍ ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ഇന്ന് അഞ്ച് പുതിയ കേസുകളാണ് കോഴിക്കോട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. വിവിധ ജില്ലകളില്‍ നിന്നായി 62 പേര്‍ക്ക് കൂടി ഇന്ന് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

തൃശൂര്‍ 14, കണ്ണൂര്‍ 11, പത്തനംതിട്ട 9, എറണാകുളം 8, കോഴിക്കോട്, തിരുവനന്തപുരം 5 വീതം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കാസര്‍ഗോഡ് 2 വീതം, ഇടുക്കി 1, എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഒരാള്‍ യുഎഇയില്‍ നിന്നും വന്ന തമിഴ്നാട് സ്വദേശിയാണ്. 49 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ഒരാള്‍ ഹൈ റിസ്‌ക് രാജ്യത്തില്‍ നിന്നും വന്നതാണ്. നാല് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്.

സംസ്ഥാനത്ത് ആകെ 707 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 483 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 108 പേരും എത്തിയിട്ടുണ്ട്. 88 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 28 പേരാണുള്ളത്.