‘ഒടുവിൽ പി.ടി.ഉഷയും’ ഞങ്ങളുടെ ആഭ്യന്തര കാര്യത്തില്‍ എന്തിനാണ് ഇടപെടുന്നത്?; റിഹാനയോട് പിടി ഉഷ


കൊയിലാണ്ടി: രാജ്യത്തെ കര്‍ഷക സമരത്തോട് പിന്തുണ പ്രഖ്യാപിച്ച വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ പ്രമുഖ അത്‌ലറ്റ് പിടി ഉഷ. ഞങ്ങളുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ഞങ്ങള്‍ വളരെയധികം അഭിമാനിക്കുന്നുവെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നുമാണ് ട്വീറ്റ്.

ഇന്ത്യ ജനാധിപത്യത്തിന്റെ ഉത്തമ മാതൃകയാണ്. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് ഞങ്ങള്‍ക്കറിയാം, എന്തുകൊണ്ടെന്നാല്‍ ലോകത്ത് നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യയെന്ന് പിടി ഉഷ ട്വിറ്ററില്‍ കുറിച്ചു.

കര്‍ഷക സമരത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സൗകര്യം വിലക്കിയ വാര്‍ത്തയോടൊപ്പമാണ് പോപ്പ് ഗായിക റിഹാന ട്വീറ്റ് പങ്കുവെച്ചത്. ‘എന്താണ് നമ്മള്‍ ഇതേ പറ്റി സംസാരിക്കാത്ത്’ എന്ന ചോദ്യമാണ് താരം ഉയര്‍ത്തിയത്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള നാലാമത്തെ വ്യക്തികൂടിയാണ് റിഹാന. പങ്കുവെച്ച് നിമഷങ്ങള്‍ക്കകം തന്നെ ട്വീറ്റ് ട്രെന്റിങ് ആയിരുന്നു. പ്രക്ഷോഭം ലോക ശ്രദ്ധയിലെത്തിക്കാന്‍ റിഹാനയുടെ ട്വീറ്റിന് സാധിച്ചെന്നായിരുന്നു ചിലര്‍ പറഞ്ഞത്. പ്രതികരണത്തെ അനുകൂലിച്ചും വിമര്‍ശിച്ചും ഇന്ത്യന്‍ സെലിബ്രറ്റികള്‍ രംഗത്ത് വന്നിട്ടുണ്ട്.

അതേസമയം അന്താരാഷ്ട്ര പിന്തുണയെ സ്വാഗതം ചെയ്ത് കര്‍ഷകര്‍ രംഗത്ത് വന്നിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ നിന്നുയരുന്ന പിന്തുണ കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സച്ചിന്‍ ഉള്‍പ്പെടെയുള്ള സെലിബ്രറ്റികള്‍ രംഗത്ത് വന്നിരിക്കുന്നത്. വിദേശികള്‍ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ടെന്നാണ് ഇന്ത്യന്‍ സെലിബ്രറ്റികളുടെ വാദം.