ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവം ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്ക് കരുത്ത് നല്‍കിയെന്ന് ടി.വി ബാലന്‍
പേരാമ്പ്ര: മാനവരാശിയുടെ ചരിത്രഗതി മാറ്റി എഴുതിയ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവം ഇന്ത്യന്‍ സ്വാതന്ത്രസമര പോരാട്ടങ്ങള്‍ക്ക് കരുത്തും പ്രചോദനവും നല്കിയെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി.ബാലന്‍. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലാണ് ഇടതുപക്ഷ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ ജന്മം കൊണ്ടതും തൊഴിലാളി വര്‍ഗ ബഹുജന സംഘടകള്‍ വളര്‍ന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എ.ഐ.ടി.യു.സി, എ.ഐ.എസ്.എഫ്, ഇഫ്ക തുടങ്ങിയ പ്രസ്ഥാനങ്ങളെല്ലാം തന്നെ ഈ കാലഘട്ടത്തിലാണു രൂപം കൊണ്ടത്. ഇന്ത്യയിലെ ഹിന്ദു ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ ലക്ഷ്യം കാണണമെങ്കില്‍ കമ്യൂണിസ്റ്റ്-ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇനിയും ഏറെ ശക്തിപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. സി.പി.ഐ പേരാമ്പ്ര ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച റഷ്യന്‍ വിപ്ലവ ദിനാചരണവും വിവിധ പാര്‍ട്ടികളില്‍ നിന്ന് സി.പിഐയില്‍ ചേര്‍ന്നവര്‍ക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് അദ്ദേഹം പതാക കൈമാറി .
സി.പി.ഐ ജില്ലാ കമ്മറ്റി അംഗം എ.കെ ചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍.ശശി, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.കെ ബാലന്‍ മാസ്റ്റര്‍, മണ്ഡലം സെക്രട്ടറി യൂസഫ് കോറോത്ത്, അസിസ്റ്റന്റ് സെക്രട്ടറിമാരായ ടി.ശിവദാസന്‍, കെ.കെ ഭാസ്‌കരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി പി.കെ സുരേഷ് സ്വാഗതം പറഞ്ഞു.