ഐസിഎസ്ഇ, ഐഎസ്‌സി ഫലം പ്രഖ്യാപിച്ചു; പത്താം ക്ലാസില്‍ കേരളത്തിന് നൂറ്‌മേനി, പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 99.86%, ചുവടെയുള്ള വെബ്‌സൈറ്റിലൂടെയും എസ്എംഎസ് വഴിയും ഫലം അറിയാം


ന്യൂഡല്‍ഹി: ഐസിഎസ്ഇ, ഐഎസ്‍സി ഫലം പ്രഖ്യാപിച്ചു. ഐസിഎസ്‍സിയിൽ ( പത്താം ക്ലാസ് ) 99.8 ശതമാനവും ഐഎസ്‍സിയിൽ ( പ്ലസ് ടു ) 99.76 ശതമാനവുമാണ് വിജയം. കേരളം അടക്കമുള്ള തെക്കൻ മേഖലയിൽ നൂറ് ശതമാനമാണ് വിജയം. കൊവിഡ് കാലത്ത് പരീക്ഷ ഒഴിവാക്കിയുള്ള ആദ്യ ഫലപ്രഖ്യാപനമായിരുന്നു ഇത്. ഇൻ്റേണൽ മാ‌ർ‍ക്കിന്റെ അടിസ്ഥാനത്തിലായിരുന്നു ഫല പ്രഖ്യാപനം.

കേരളത്തിൽ പത്താം ക്ലാസിൽ നൂറ് ശതമാനമാണ് വിജയം. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 99.86 ശതമാനവും, പ്ലസ് ടുവിൽ കേരളത്തിൽ നിന്ന് രജിസ്റ്റർ ചെയ്ത എല്ലാ പെൺകുട്ടികളും വിജയിച്ചു.

പ്രത്യേക ഫലപ്രഖ്യാപനമായതിനാൽ ഇത്തവണ റാങ്ക് പട്ടികയില്ലെന്ന് ബോർഡ് അറിയിച്ചു. പടിഞ്ഞാറൻ മേഖലയിൽ 99.99 ശതമാനമാണ് പത്താം ക്ലാസിൽ വിജയം. പന്ത്രണ്ടാം ക്ലാസിൽ തെക്കൻ മേഖലയിലും പടിഞ്ഞാറൻ മേഖലയിലുമാണ് കൂടുതൽ വിജയം, 99.91 ശതമാനം. കിഴക്കൻ മേളയിൽ 99.70 ശതമാനവും, വടക്കൻ മേഖലയിൽ 99.75 ശതമാനവുമാണ് വിജയം. വിദേശത്ത് നിന്ന് രജിസ്റ്റർ ചെയ്ത എല്ലാ കുട്ടികളും ജയിച്ചു.

http://cisce.org, http://results.cisce.org എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. എസ്എംഎസ് വഴി ഫലം അറിയാൻ ഐസിഎസ്‍ഇ/ഐഎസ്‌സി എന്നെഴുതി സ്പേസ് ഇട്ട ശേഷം 7 അക്ക യുണീക് ഐഡി രേഖപ്പെടുത്തി 09248082883 എന്ന നമ്പറിലേക്ക് സന്ദേശം അയയ്ക്കണം. ഓരോ വിഷയത്തിന്റെയും മാർക്ക് ലഭിക്കും.