ഐപിഎല്‍ കലാശപ്പോരില്‍ ചെന്നൈക്കെതിരെ ടോസ് നേടി കൊല്‍ക്കത്ത; ബൗളിംഗ് തിരഞ്ഞെടുത്തു


ദുബായ്‌: ഐപിഎല്‍ (IPL 2021) പതിനാലാം സീസണിലെ ചാമ്പ്യന്മാര്‍ ആരാണെന്നറിയാനുള്ള മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ (Chennai Super Kings) ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders) ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ ബൗളിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച അതേ ടീമിനെ തന്നെയാണ് ഇരുടീമുകളും ഫൈനല്‍ മത്സരത്തിലും അണിനിരത്തുന്നത്. ഫൈനല്‍ മത്സരത്തില്‍ വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ ആന്ദ്രേ റസലും ചെന്നൈയുടെ ‘ചിന്ന തല’യായ സുരേഷ് റെയ്നയും കളിച്ചേക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇരുവരും പ്ലെയിങ് ഇലവനില്‍ ഇടം നേടിയിട്ടില്ല.

സീസണില്‍ തുടക്കം മുതല്‍ മികച്ച പ്രകടനം നടത്തിയ ചെന്നൈയുടെ ഫൈനല്‍ (IPL Final) പ്രവേശനം എല്ലാവരും ഉറപ്പിച്ചതായിരുന്നു. എന്നാല്‍ കൊല്‍ക്കത്തയുടെ ഫൈനല്‍ പ്രവേശനം വമ്ബന്‍ ട്വിസ്റ്റുകള്‍ നിറഞ്ഞതായിരുന്നു. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തില്‍ തുടരെ തോല്‍വികള്‍ ഏറ്റുവാങ്ങി പോയിന്റ് ടേബിളില്‍ അവസാന സ്ഥാനങ്ങളില്‍ ആയിരുന്ന കൊല്‍ക്കത്ത യുഎഇയിലെ രണ്ടാംപാദത്തില്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. പ്ലേഓഫിലേക്ക് നിലവിലെ ചാമ്പ്യന്മാരായ
മുംബൈ ഇന്ത്യന്‍സിനെ റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ മറികടന്ന അവര്‍ എലിമിനേറ്ററില്‍ ബാംഗ്ലൂരിനെയും ഒടുവില്‍ ക്വാളിഫയര്‍ രണ്ടില്‍ ആവേശകരമായ പോരാട്ടത്തില്‍ ഡല്‍ഹിയുടെ ശക്തമായ വെല്ലുവിളി മറികടന്നാണ് അവര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്.

ഇന്നത്തെ ഫൈനല്‍ പോരാട്ടം രണ്ട് സൂപ്പര്‍ ക്യാപ്റ്റന്മാര്‍ തമ്മിലുള്ള പോരാട്ടമായി കൂടിയാണ് വിലയിരുത്തപ്പെടുന്നത്. ചെന്നൈ സൂപ്പര്‍ കിങ്സിനെ നയിക്കുന്നത് സാക്ഷാല്‍ എം എസ് ധോണിയും (MS Dhoni) കൊല്‍ക്കത്തയെ നയിക്കുന്നത് ഇംഗ്ലണ്ടിന് ലോകകപ്പ് കിരീടം നേടിക്കൊടുത്ത ഓയിന്‍ മോര്‍ഗനും. കളത്തില്‍ മികച്ച തന്ത്രങ്ങള്‍ മെനയുന്നതയില്‍ മിടുക്കരായ ഇരുവരും നേര്‍ക്കുനേര്‍ വരുമ്ബോള്‍ പതിനാലാം സീസണിലെ കലാശക്കളിയില്‍ ജയം ആര് നേടും എന്നത് പ്രവചനാതീതമാണ്.

കലാശപ്പോര് ആവേശമാക്കാന്‍ ഇറങ്ങുന്ന ധോണിയുടെ ചെന്നൈയുടെയും മോര്‍ഗന്റെ കൊല്‍ക്കത്തയുടെയും അവസ്ഥ ഏറെക്കുറെ സമാനമാണ്. മികച്ച പ്രകടനം നടത്തുന്ന ഓപ്പണര്‍മാരും സ്ഥിരത പുലര്‍ത്താത്ത മധ്യനിരയുമാണ് ഇരുടീമിന്റേയും പ്രത്യേകത. ചെന്നൈ നിരയില്‍ ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്കവാദും (Rituraj Gaikwad) ഫാഫ് ഡുപ്ലെസിസും (Faf Du Plessis) ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ മുന്‍നിരയില്‍ തന്നെയുണ്ട്. ഇരുവരും ചേര്‍ന്ന് ഈ സീസണില്‍ ചെന്നൈക്ക് വേണ്ടി 1150 റണ്‍സാണ് നേടിയത്. മറുവശത്ത് കൊല്‍ക്കത്തയുടെ ശുഭ്മാന്‍ ഗില്‍ (Shubman Gill) – വെങ്കടേഷ് അയ്യര്‍ സഖ്യം 747 റണ്‍സ് നേടി മികവ് തെളിയിച്ചിട്ടുണ്ട്.

മധ്യനിരയില്‍ കഴിവുള്ള താരങ്ങള്‍ ഉണ്ടെങ്കിലും ആര്‍ക്കും ഇതുവരെ സ്ഥിരത പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ഫിനിഷര്‍ എന്ന നിലയില്‍ രവീന്ദ്ര ജഡേജ നടത്തുന്ന പ്രകടനം ചെന്നൈയ്ക്ക് നേരിയ മേല്‍ക്കൈ നല്‍കുന്നുണ്ട്.

വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, ഷാക്കിബ് അല്‍ ഹസ്സന്‍ സ്പിന്‍ ത്രയത്തിന്റെ കെണിയില്‍ കുരുങ്ങാതിരിക്കുക ചെന്നൈക്ക് വെല്ലുവിളിയാകും. പേസില്‍ വൈവിധ്യമാണ് ചെന്നൈയുടെ കരുത്തെങ്കില്‍ ലോക്കി ഫെര്‍ഗ്യൂസന്റെ അതിവേഗ പന്തുകളിലാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ.

ദുബായിലെ വിജയശതമാനത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം. ഐപിഎല്ലില്‍ ഇതുവരെ 25 മത്സരങ്ങളിലാണ് ഇരുവരും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 16 എണ്ണത്തില്‍ ജയം നേടിയ ചെന്നൈയാണ് നേര്‍ക്കുനേര്‍ കണക്കില്‍ മുന്നില്‍ നില്‍ക്കുന്നത്. എട്ട് മത്സരങ്ങളിലാണ് കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ കഴിഞ്ഞത്. ഇരുവരും നേര്‍ക്കുനേര്‍ വന്ന അവസാന മത്സരത്തില്‍ ചെന്നൈ കൊല്‍ക്കത്തയെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു.

പ്ലെയിങ് ഇലവന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്- ഋതുരാജ് ഗെയ്ക്വാദ്, ഫാഫ് ഡു പ്ലെസിസ്, മോയിന്‍ അലി, അമ്ബാട്ടി റായുഡു, റോബിന്‍ ഉത്തപ്പ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ശാര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചാഹര്‍, ജോഷ് ഹേസല്‍വുഡ്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- വെങ്കടേഷ് അയ്യര്‍, ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, നിതീഷ് റാണ, ഓയിന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), സുനില്‍ നരെയ്ന്‍, ഷാക്കിബ് അല്‍ ഹസന്‍, ദിനേഷ് കാര്‍ത്തിക്, (വിക്കറ്റ് കീപ്പര്‍), ശിവം മാവി, ലോക്കി ഫെര്‍ഗൂസണ്‍, വരുണ്‍ ചക്രവര്‍ത്തി.