ഐതീഹ്യ കഥകള്‍ ഇനി ആല്‍ത്തറയില്‍ കാണാം; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ നവീകരിച്ച കിഴക്കേ നടയിലെ ആല്‍ത്തറ വെള്ളിയാഴ്ച സമര്‍പ്പിക്കും (വീഡിയോ കാണാം)


കൊയിലാണ്ടി: മലബാറിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്രം. ഓരോ ദിവസവും നിരവധി ഭക്തര്‍ ദര്‍ശനത്തിനായി എത്തുന്ന ഈ ക്ഷേത്രത്തിന് ചരിത്രപരമായ പ്രാധാന്യവുമുണ്ട്. ഐതീഹ്യമാലയില്‍ പിഷാരികാവിന്റെ ചരിത്രം വ്യക്തമായി പറയുന്നുണ്ട്.

ഐതീഹ്യമാലയിലെ പിഷാരികാവിന്റെ ചരിത്രം ഇനി മുതല്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ദൃശ്യഭംഗിയോടെ ആസ്വദിക്കാം. ക്ഷേത്രത്തിന്റെ കിഴക്കേ ഭാഗത്തുള്ള ആല്‍ത്തറ ക്ഷേത്ര ഐതീഹ്യങ്ങള്‍ ആലേഖനം ചെയ്തു കൊണ്ടാണ് നവീകരിച്ചിരിക്കുന്നത്. ശില്‍പ്പിയായ ദീപേഷ് കൊല്ലമാണ് ആല്‍ത്തറയെ ഐതീഹ്യരംഗങ്ങളാല്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.

സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകന്‍ ബാലന്‍ അമ്പാടിയാണ് ആല്‍ത്തറ നിര്‍മ്മിച്ച് ക്ഷേത്രത്തിന് സമര്‍പ്പിക്കുന്നത്. തൃക്കാര്‍ത്തിക ഉത്സവത്തോട് അനുബന്ധിച്ച് നവംബര്‍ 19 വെള്ളിയാഴ്ച നടക്കുന്ന ചടങ്ങില്‍ നവീകരിച്ച ആല്‍ത്തറ അദ്ദേഹം ക്ഷേത്രത്തിന് സമര്‍പ്പിക്കും. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍. നീലകണ്ഠനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുക. ചടങ്ങില്‍ ബാലന്‍ അമ്പാടിക്കും ശില്‍പ്പി ദീപേഷിനും മറ്റ് ശില്‍പ്പികള്‍ക്കും ഉപഹാരം നല്‍കും.

പത്ത് പേര്‍ 24 ദിവസങ്ങള്‍ കൊണ്ടാണ് പിഷാരികാവിലെ കിഴക്കേ ആല്‍ത്തറയില്‍ ഐതീഹ്യങ്ങള്‍ ആലേഖനം ചെയ്തതെന്ന് ശില്‍പ്പി ദീപേഷ് കൊല്ലം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അഞ്ചര ലക്ഷം രൂപയോളമാണ് നവീകരണത്തിന്റെ ആകെ ചെലവ്. സിമന്റിലാണ് ആല്‍ത്തറയിലെ ശില്‍പ്പങ്ങള്‍ തീര്‍ത്തിരിക്കുന്നത്. രണ്ട് ദിവസം കൊണ്ട് അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയാവുമെന്നും അദ്ദേഹം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

തൃക്കാര്‍ത്തിക ഉത്സവത്തോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് പിഷാരികാവ് ക്ഷേത്രത്തില്‍ നടക്കുന്നത്. നവംബര്‍ 12 മുതല്‍ 19 വരെ നടക്കുന്ന പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാഷ് നിര്‍വ്വഹിക്കും.

തൃക്കാര്‍ത്തികയോട് അനുബന്ധിച്ച് ഓരോ ദിവസവും വ്യത്യസ്തമായ സംഗീത വിരുന്നാണ് ക്ഷേത്രത്തില്‍ ഉണ്ടാവുക. പ്രമുഖ വ്യക്തികള്‍ നയിക്കുന്ന സോപാനസംഗീതം, സംഗീത കച്ചേരി, നാദസ്വരക്കച്ചേരി, പുല്ലാങ്കുഴല്‍ കച്ചേരി, വീണ കച്ചേരി, വയലിന്‍ കച്ചേരി എന്നിവ ഓരോ ദിവസവും ക്ഷേത്രാങ്കണത്തില്‍ അരങ്ങേറും.

നവംബര്‍ 19 ന് കാര്‍ത്തിക നാളില്‍ കാലത്ത് ആറ് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ സംഗീതാരാധനയും തുടര്‍ന്ന് കാര്‍ത്തിക ദീപം തെളിയിക്കലും ഉണ്ടാകും. അന്നേ ദിവസം വൈകീട്ട് അഞ്ച് മണിക്കാണ് ആല്‍ത്തറ സമര്‍പ്പണം നടക്കുക. തുടര്‍ന്ന് ആറരയ്ക്ക് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീതക്കച്ചേരിയും ഉണ്ടാകും.