ഏഴ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കാപ്പാട് സ്വദേശിക്ക് ഏഴ് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി കോടതി


കൊയിലാണ്ടി: ഏഴുവയസുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച എഴുപത്തിയൊന്നുകാരനായ പ്രതിക്ക് ഏഴ് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക ശിക്ഷ കൂടെ അനുഭവിക്കണം.

പോക്സോ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ ശിക്ഷിച്ചത്.

കാപ്പാട് സ്വദേശി തയിമ്പത്ത് മഹൽ അബ്ദു റഹ്മാനെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി അനിൽ ടി.പി. ശിക്ഷിച്ചത്. 2018 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്വന്തം വീട്ടിൽ വച്ചാണ് അബ്ദു റഹ്മാൻ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

കൊയിലാണ്ടി സി.ഐ കെ. ഉണ്ണികൃഷ്ണൻ അന്വേഷിച്ച കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വ. പി. ജെതിൻ ഹാജരായി.