എൻ.പി.രാധാകൃഷ്ണൻ കൊയിലാണ്ടിയിൽ പ്രചാരണം ആരംഭിച്ചു
കൊയിലാണ്ടി: ബി.ജെ.പി. സ്ഥാനാർഥിയായി കൊയിലാണ്ടിയിൽ മത്സരിക്കുന്ന ഒ.ബി.സി. മോർച്ച സംസ്ഥാനപ്രസിഡന്റ് എൻ.പി.രാധാകൃഷ്ണൻ പ്രചരണം ആരംഭിച്ചു. മണ്ഡലത്തിൽ എത്തിയ സ്ഥാനാർത്ഥിക്ക് ഞായറാഴ്ച വൈകീട്ട് പ്രവർത്തകർ സ്നേഹോഷ്മളമായ വരവേൽപ്പ് നൽകി.
സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ വൈകീട്ടുനടന്ന ബി.ജെ.പി മണ്ഡലം കമ്മിറ്റി യോഗത്തിൽ അദ്ദേഹമെത്തി പ്രവർത്തകരുമായി സംസാരിച്ചു. ഭാരതീയ മത്സ്യപ്രവർത്തകസംഘത്തിന്റെ ജില്ലാ സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാനപ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച രാധാകൃഷ്ണന് കൊയിലാണ്ടിയുമായി ദീർഘകാലത്തെ ബന്ധമുണ്ട്.
മണ്ഡലം കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് എസ്.ആർ. ജയ് കിഷ് അധ്യക്ഷത വഹിച്ചു. വായനാരി വിനോദ്, എ.പി.രാമചന്ദ്രൻ, വി.കെ.ജയൻ, ഉണ്ണികൃഷ്ണൻ മുത്താമ്പി എന്നിവർ സംസാരിച്ചു.