എൻ എൻ കക്കാടിന്റെ സ്മരണയിൽ ഡോക്യുമെൻ്ററി ഒരുങ്ങുന്നു
കോട്ടൂർ: മലയാളത്തിൻ്റെ പ്രിയ കവി എൻ എൻ കക്കാടിൻ്റെ ഏഴുത്തും ജീവിതവും പ്രമേയമാക്കി ഡോക്യുമെൻ്ററി തയ്യാറാക്കുന്നു. ചേവായൂർ ഹിൽവ്യൂ കോളനിയിലെ കക്കാടിന്റെ വസതിയിൽ ഭാര്യ ശ്രീദേവി കക്കാട് ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.
കക്കാടിന്റെ ജന്മദേശമായ കോട്ടൂർ അവിടനെല്ലൂരും അദ്ദേഹത്തിൻ്റെ കവിതകളും അടിസ്ഥാനമാക്കി കുടുംബാംഗങ്ങളെയും സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരെയും സമകാലികരായ വ്യക്തികളെയും ഉൾപ്പെടുത്തിയാണ് ഡോക്യുമെൻ്ററി നിർമ്മാണം.
കക്കാടിന്റെ മുപ്പതിനാലാം ചരമദിനത്തിലാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. 40 മിനുട്ട് ദൈർഘ്യമുള്ള ഡോക്യുമെന്ററിയാണ് തയ്യാറാക്കുന്നത്.
അവിടനല്ലൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് കക്കാടിന്റെ പേര് ഈയടുത്ത ദിവസമാണ് നൽകിയത്. ജന്മനാട്ടിൽ കക്കാടിന്റെ സ്മാരക നിർമ്മാണം ഉടനെ പൂർത്തിയാകും.
ചേമഞ്ചേരി യു.പി സ്കൂൾ അധ്യാപകനും വിദ്യാരംഗം കലാ സാഹിത്യ വേദി അവാർഡ് ജേതാവുമായ ബിജു കാവിൽ, നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ വി എം അഷറഫ്, കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ജേർണലിസം അധ്യാപകൻ സാജിദ് അഹമ്മദ് എന്നിവരാണ് ഡോക്യുമെന്ററി തയ്യാറാക്കുന്നത്. ചടങ്ങിൽ കക്കാടിന്റെ മകൻ കെ.ശ്യാം കുമാർ,
വി എം പ്രിയ എന്നിവർ സംബന്ധിച്ചു.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക