എസ്.ബി.ഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്! മേസേജ് അയച്ച് പാന്‍കാര്‍ഡ് വിവരങ്ങള്‍ ചോദിച്ച് തട്ടിപ്പ്; പണം പോയത് ഒ.ടി.പി പോലും ചോദിക്കാതെ
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ വ്യാജ വെബ്സൈറ്റ് വഴി പണം തട്ടിയതായി പരാതി. തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മയടക്കം നൂറോളം പേരാണ് സൈബര്‍ പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്.
അക്കൗണ്ട് പ്രവര്‍ത്തനരഹിതമാകാതിരിക്കാന്‍ പാന്‍കാര്‍ഡ് വിവരങ്ങള്‍ നല്‍കണമെന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ ഉപഭോക്താക്കളെ സമീപിക്കുന്നത്. നിങ്ങളുടെ അക്കൗണ്ട് പ്രവര്‍ത്തന രഹിതമായെന്നും എത്രയും വേഗം കെവൈസി വിവരങ്ങള്‍ നല്‍കണമെന്നും പറഞ്ഞ് സന്ദേശം അയക്കും. ഈ മെസേജിനൊപ്പം എസ്.ബി.ഐയുടെ വെബ്സൈറ്റ് എന്നു തോന്നുന്ന ഒരു വെബ്സൈറ്റിന്റെ ലിങ്കും നല്‍കും.
ഈ വെബ്സൈറ്റില്‍ ചോദിക്കുന്ന വിവരങ്ങള്‍ കൊടുത്താല്‍ ഒ.ടി.പി പോലും ചോദിക്കാതെ പണം നഷ്ടമാകുമെന്നാണ് പരാതിക്കാര്‍ പറയുന്നത്. തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മയ്ക്ക് ഇത്തരത്തില്‍ 20,000 രൂപയാണ് നഷ്ടമായത്.
ഒ.ടി.പി നല്‍കാതെ പണം പോയാല്‍ ബാങ്കിന് ഉത്തരവാദിത്തമുണ്ട് എന്ന് റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലര്‍ ഉണ്ട്. എന്നാല്‍ പണം നഷ്ടപ്പെട്ടതായി ബാങ്കില്‍ പരാതിപ്പെട്ടപ്പോള്‍ അവര്‍ കൈമലര്ത്തുകയാണുണ്ടായതെന്നാണ് പരാതിക്കാരിലൊരാളായ തിരുവനന്തപുരം സ്വദേശിയായ ഗീത പറയുന്നത്.