എസ്.എസ്.എല്‍.സി, പ്ലസ് ടു; എ പ്ലസ് ഇനി എളുപ്പമല്ല; ഫോക്കസ് ഏരിയ മാത്രം പഠിച്ചാല്‍ പോരെന്ന് വിദ്യാഭ്യാസ വകുപ്പ്


തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എ പ്ലസ് നേടുകയെന്നത് അല്പം ബുദ്ധിമുട്ടാകും. കോവിഡ് സാഹചര്യത്തില്‍ പരീക്ഷകള്‍ക്ക് ഊന്നല്‍ നല്‍കുന്ന പാഠഭാഗങ്ങള്‍ നിശ്ചയിക്കുകയും (ഫോക്കസ് ഏരിയ) അതില്‍ നിന്ന് മാത്രം ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്ന രീതിയായിരുന്നു കഴിഞ്ഞവര്‍ഷം സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ഫോക്കസ് ഏരിയയില്‍ നിന്നുള്ള ചോദ്യങ്ങള്‍ 70 ശതമാനത്തില്‍ പരിമിതപ്പെടുത്താനും 30 ശതമാനും പൂര്‍ണമായും മറ്റ് പാഠഭാഗങ്ങളില്‍ നിന്നുമാക്കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്.

ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനുള്ള ശില്‍പശാല എസ്.സി.ഇ.ആര്‍.ടിയുടെ സഹകരണത്തോടെ പരീക്ഷാ ഭവനില്‍ നടന്നുവരികയാണ്. ശില്‍പ്പശാലയില്‍ 50% ചോദ്യങ്ങള്‍ പൂര്‍ണമായും ഫോക്കസ് ഏരിയയ്ക്ക് പുറത്തുനിന്നായിരിക്കണമെന്നാണ് നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞവര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണം കൂടുകയും പ്ലസ് വണ്‍, ബിരുദ പ്രവേശനങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തവണ ഇങ്ങനെയൊരു മാറ്റം കൊണ്ടുവന്നിരിക്കുന്നത്.

കവിഞ്ഞവര്‍ഷം 40 ശതമാനം പാഠഭാഗങ്ങളായിരുന്ന ഫോക്കസ് ഏരിയയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഉത്തരമെഴുതേണ്ടതിന്റെ ഇരട്ടിമാര്‍ക്കിനുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എണ്‍പതുശതമാനം ചോദ്യങ്ങളും ഫോക്കസ് ഏരിയയില്‍ നിന്നുതന്നെയായതിനാല്‍ തത്വത്തില്‍ കുട്ടികള്‍ക്ക് ഫോക്കസ് ഏരിയ മാത്രം പഠിച്ചാല്‍ മുഴുവന്‍ ഉത്തരങ്ങളും എഴുതാന്‍ കഴിയുന്ന സ്ഥിതിയായിരുന്നു. ഇത്തവണ ഫോക്കസ് ഏരിയ ഇത് അറുപത് ശതമാനമാക്കി വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും അത് മാത്രം പഠിച്ച് മുഴുവന്‍ എ പ്ലസ് എന്ന നേട്ടത്തിലെത്താനാവില്ല. കഴിഞ്ഞവര്‍ഷം ഉത്തരമെഴുതേണ്ടതിന്റെ ഇരട്ടി ചോദ്യങ്ങള്‍ അധികമായി (ഓപ്ഷന്‍) നല്‍കിയിരുന്നെങ്കില്‍ ഇത്തവണ 50% ചോദ്യങ്ങള്‍ മാത്രമാണ് അധികം നല്‍കുക.