‘എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം നടത്തും’; വാക്‌സിനെടുക്കാത്ത അധ്യാപകര്‍ സ്‌കൂളിലേക്ക് വരേണ്ടതില്ലെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി (വീഡിയോ കാണാം)
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം അടച്ചിരുന്ന സ്‌കൂളുകള്‍ തുറക്കുന്നതിനുള്ളതയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ചില അധ്യാപകര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. ആരോഗ്യ കാരണങ്ങളും വിശ്വാസപരമായ കാരണങ്ങളുമാണ് അവര്‍ വാക്‌സിനെടുക്കാത്തതിന് കാരണമായി പറയുന്നത്. വാക്‌സിനെടുക്കാത്ത അധ്യാപകര്‍ സ്‌കൂളിലേക്ക് വരേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.
സ്‌കൂള്‍ തുറന്നാല്‍ ആദ്യ രണ്ടാഴ്ച ലളിതമായ ക്ലാസുകളാകും ഉണ്ടാവുക. കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രാധാന്യം. തല്‍ക്കാലം അറ്റന്റന്‍സ്, യൂനിഫോം എന്നിവ നിര്‍ബന്ധമില്ല. രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളുകളിലെ എല്ലാ ക്രമീകരണങ്ങളും തയ്യാറായിക്കഴിഞ്ഞു. ജില്ലാ കളക്ടര്‍മാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട നിരവധി പരിശോധനകള്‍ നടത്തിയിട്ടുണ്ട്. തയ്യാറെടുപ്പില്‍ വിദ്യാഭ്യാസ വകുപ്പ് സംതൃപ്തരാണ്. മറ്റൊരു കാലഘട്ടത്തിലും ഇല്ലാത്ത തരത്തില്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി തദ്ദേശ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരുമെല്ലാം സ്‌കൂള്‍ തുറക്കുന്ന പ്രക്രിയയില്‍ പങ്കെടുക്കുന്നുവെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി കൂട്ടിച്ചേര്‍ത്തു.