എല്ലാ പ്രതിസന്ധികളെയും ചെറു പുഞ്ചിരിയോടെ നേരിട്ടു; അതിജീവനത്തിന്റെ വിജയതിളക്കത്തില്‍ ചെറുവണ്ണൂരിലെ മുഹമ്മദ് ഡാനിഷ്


പേരാമ്പ്ര: എസ് എസ് എല്‍ സി പരീക്ഷയില്‍ ഒമ്പത് എ പ്ലസ് നേടി ചെറുവണ്ണൂരിലെ മുഹമ്മദ് ഡാനിഷ് നേടിയ വിജയത്തിന് തിളക്കമേറയുണ്ട്. പെട്ടെന്ന് എല്ല് പൊട്ടുന്ന അസൂഖമാണ് ഡാനിഷിന്. അതിനാല്‍ പരിചയമില്ലാത്ത മറ്റാര്‍ക്കും സഹായത്തിന് പോലും ശരീരത്തില്‍ പിടിക്കാനാകില്ല. അഞ്ചാം ക്ലാസ് മുതല്‍ ചെറുവണ്ണൂര്‍ ഗവ. ഹൈസ്‌കൂളിലാണ് പഠനം. എന്നും രാവിലെ ഡാനിഷിനെ ഉമ്മയും ബാപ്പയും സ്‌കൂളിലെത്തിക്കുകയാണ് പതിവ്.

കക്കറമുക്ക്, കൂടത്തിങ്കല്‍, പെരോത്തറമേല്‍ പോക്കറിന്റെയും ഫൈസിയയുടെയും മകനണ് മുഹമ്മദ് ഡാനിഷ്. മാതാപിതാക്കളുടെ പ്രോത്സാഹനവും അധ്യാപകരുടെ പിന്തുണയും മുഹമ്മദിന് എന്നും കരുതലായിരുന്നു. എല്ല് പൊട്ടിയാല്‍ പ്ലാസ്റ്ററിട്ട് 20 ദിവസമെങ്കിലും എടുക്കും പഴയ രീതിയിലാകാന്‍. ക്ലാസില്‍ പ്രത്യേകമായി തയ്യാറാക്കിയ ഇരിപ്പിടത്തില്‍ മാത്രമാണ് ഇരിക്കാനാകുക. കാലിന് സ്വാധീനമില്ലാത്തതിനാല്‍ നില്‍ക്കാനോ നടക്കാനോ ആകില്ല. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് പഠിച്ച് പത്താം തരം പിന്നിടുമ്പോഴും ഒരു വിഷയത്തിലൊഴികെ എല്ലാ വിഷയത്തിലും എ പ്ലസ് നേടാന്‍ മുഹമ്മദിന് സാധിച്ചു.

കൊവിഡ് കാലത്ത് ഓണ്‍ലൈനായതോടെ സ്‌കൂളില്‍ വരേണ്ടി വന്നില്ല. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ എത്താന്‍ അവസരം നല്‍കിയപ്പോഴും പ്രത്രേക പരിഗണന അര്‍ഹിക്കുന്ന വിഭാഗത്തിലായതിനാല്‍ മുഹമ്മദിന് ക്ലാസില്‍ എത്താനായിരുന്നില്ല. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ നാഷണല്‍ മിന്‍സം കം മെറിറ്റ് സ്‌കോളര്‍ഷിപ്പും ഈ മിടുക്കന്‍ നോക്കിയിരുന്നു. പഠനത്തിന് പുറമെ ചിത്രകലയിലും ഒരു കൈ നോക്കുന്നുണ്ട്.