എലത്തൂരില്‍ കർശന പോലീസ് പരിശോധന: കോഴിക്കോട്ടേക്കുള്ള യാത്രക്കാരെ തിരിച്ചു വിടുന്നു, യാത്രാനുമതി ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക്


എലത്തൂര്‍: കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി എലത്തൂരില്‍ പരിശോധന നടത്തുന്നു. അനാവശ്യമായി നഗരത്തിലേക്ക് പോകുന്നവരെ പോലീസ് തിരിച്ചുവിടുകയാണ്. ഒരു ഡോസെങ്കിലും വാക്‌സിനേഷന്‍ എടുത്തവര്‍ക്കോ അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കോ മാത്രമാണ് നഗരത്തിലേക്ക് പ്രവേശന അനുമതി. ആവശ്യമില്ലാതെ നഗരത്തിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് കര്‍ശനമായി വിലക്കേര്‍പ്പെടുത്തിയെന്ന് എലത്തൂര്‍ പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

കോവിഡ് രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ജില്ലയില്‍ വീണ്ടും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇന്നലെ ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളിലെത്തിയിരുന്നു.

ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലും സംസ്ഥാന തലത്തില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കി.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കും. പൊതുജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ കരുതണം. കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്നവര്‍, ഹോട്ടല്‍ ജീവനക്കാര്‍, ടാക്സി ഡ്രൈവര്‍മാര്‍ എന്നിവര്‍ ആന്റിജന്‍ അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന ഫലമോ വാക്സിനേഷന്‍ നടത്തിയ തെളിവുകളോ അന്വേഷണ ഉദ്യോഗസ്ഥരെ കാണിക്കണം. ഇത് പാലിക്കാത്ത കടകള്‍ അടപ്പിക്കുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കും.