എയിംസ് കിനാലൂരില്‍ തന്നെ; ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്


ബാലുശ്ശേരി: സംസ്ഥാനത്തിന് അനുവദിച്ച ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) കിനാലൂരില്‍ തന്നെ സ്ഥാപിക്കുമെന്നും ഇതിനായി ഭൂമി ഏറ്റെടുക്കുന്ന നടപടി വേഗത്തിലാക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്താന്‍ കിനാലൂര്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ (കെഎസ്‌ഐഡിസി) 150 ഏക്കര്‍ ഭൂമി ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്റെ (ഡിഎംഇ) പേരിലാക്കും. ശേഷിക്കുന്ന ഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്ന് കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര ധനമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാല്‍ കിനാലൂരില്‍ ആശുപത്രി സ്ഥാപിക്കാനുള്ള പ്രാരംഭ നടപടികള്‍ക്ക് തുടക്കമാകും. കെഎസ്‌ഐഡിസിയുടെ കീഴിലുള്ള കിനാലൂരിലെ കാറ്റാടി, ചാത്തന്‍ വീട്, കിഴക്കെ കുറുമ്പൊയില്‍, കാന്തലാട് ഭാഗങ്ങളിലായി 150 ഏക്കര്‍ ഭൂമി സര്‍വേ നടത്തി എയിംസ് സ്ഥാപിക്കാന്‍ അനുയോജ്യമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

ആരോഗ്യ, റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം കിനാലൂരിലെത്തി സ്ഥല പരിശോധന നടത്തിയിരുന്നു. വൈദ്യുതി, വെള്ളം, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ യഥേഷ്ടം ലഭ്യമാകുന്ന പ്രദേശം കൂടിയാണ് കിനാലൂര്‍ എന്നത് അനുകൂല ഘടകമായി.