എയിംസിനായി കിനാലൂരില്‍ ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവിറങ്ങി; 200 ഏക്കര്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ കലക്ടര്‍ക്ക് ചുമതല
ബാലുശ്ശേരി: കേരളത്തിന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) അനുവദിക്കുകയാണെങ്കില്‍ കിനാലൂരില്‍ ആരംഭിക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. ഇതിനായി 200 ഏക്കര്‍ ഭൂമിയേറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തി.
വ്യവസായ കേന്ദ്രത്തിന്റെ 150 ഏക്കര്‍ ഭൂമി എയിംസിനായി വിട്ടുകൊടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനു പുറമേ അധികമായി കണ്ടെത്തേണ്ട സ്ഥലം ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ശനിയാഴ്ച കിനാലൂര്‍ സന്ദര്‍ശിക്കും.
200 ഏക്കര്‍ സ്ഥലത്തിനൊപ്പം മറ്റ് അടിസ്ഥാനസൗകര്യങ്ങളും കിനാലൂരില്‍ ലഭ്യമാക്കാനാവുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആരോഗ്യവകുപ്പിനു നല്‍കിയ കത്തില്‍ ഉറപ്പുനല്‍കിയിട്ടുള്ളത്. റോഡ്, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ കുറഞ്ഞ ചെലവിലൊരുക്കാനും അനുയോജ്യമായ സ്ഥലമാണിത്. മെഡിക്കല്‍-ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സംസ്ഥാന റവന്യൂവകുപ്പ് ഉന്നത ഉദ്യോഗസ്ഥരും കിനാലൂരിലെത്തി സ്ഥല പരിശോധന നടത്തുകയും അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ഉന്നത പഠന ഗവേഷങ്ങള്‍ക്കും മികച്ച ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതിനും ഭാവിയിലെ വികസനവും കൂടി ലക്ഷ്യമിട്ടായിരിക്കും കിനാലൂരില്‍ സ്ഥല സൗകര്യങ്ങള്‍ ഒരുക്കുക.
കൊയിലാണ്ടി-താമരശ്ശേരി-എടവണ്ണ സംസ്ഥാനപാതയില്‍നിന്ന് ഏതാനും കിലോമീറ്ററുകള്‍ മാത്രമാണ് കിനാലൂരിലേക്കുള്ളത്. കെ.എസ്.ഇ.ബി.യുടെ സബ്സ്റ്റേഷനും ജപ്പാന്‍ കുടിവെള്ളപദ്ധതിയുടെ പ്രധാന പൈപ്പും സമീപത്തായുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നും കോഴിക്കോട്, കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനുകളില്‍നിന്നും വളരെക്കുറഞ്ഞ ദൂരമെന്ന അനുകൂല ഘടകവുമുണ്ട്. വിവിധതലത്തിലുള്ള ഉദ്യോഗസ്ഥസംഘം ഇവിടെ സന്ദര്‍ശിച്ച് ഇക്കാര്യങ്ങളൊക്കെ ഉറപ്പുവരുത്തിയശേഷമാണ് സംസ്ഥാനസര്‍ക്കാര്‍ സ്ഥലം ശുപാര്‍ശ ചെയ്തത്. റവന്യൂവകുപ്പ് സ്ഥലത്തിന്റെ ലഭ്യത സംബന്ധിച്ച് വിശദമായ സ്‌കെച്ചും തയ്യാറാക്കി നല്‍കിയിരുന്നു.
കിനാലൂര്‍ വ്യവസായ വികസന കേന്ദ്രത്തിലെ 308 ഏക്കറോളം വരുന്ന സ്ഥലത്ത് ഇപ്പോള്‍ ഒട്ടേറെ വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ കൂടാതെ സര്‍ക്കാര്‍ കോളജ്, ഉഷാ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ്, 110 കെ.വി സബ് സ്റ്റേഷന്‍ എന്നിവയും ഇവിടെയുണ്ട്.