‘എന്റെ വീട്ടിലും കൃഷിത്തോട്ടം പദ്ധതി’ക്ക് കായണ്ണയില്‍ തുടക്കമായി


കായണ്ണബസാര്‍: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് വിഷന്‍ 2026 ന്റെ ഭാഗമായുള്ള എന്റെ വീട്ടിലും കൃഷിത്തോട്ടം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ബിപി ഓപ്പണ്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ യൂണിറ്റ് തല ഉദ്ഘാടനം കായണ്ണ കൂടത്താംപൊയിലില്‍ നടന്നു. കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശശി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് അംഗങ്ങളായ എല്ലാ കുട്ടികളുടെയും വീട്ടുവളപ്പില്‍ കുറഞ്ഞത് ഒരു സെന്റ് സ്ഥലത്തെങ്കിലും ജൈവ കൃഷിത്തോട്ടം ഒരുക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജൈവ വള നിര്‍മാണം, ജൈവ കീടനാശിനി എന്നിവ നിര്‍മ്മിക്കുന്നതിന് ഇതിലൂടെ പ്രത്യേക പരിശീലനം നല്‍കും.

വാര്‍ഡ് മെമ്പര്‍ ബിജി സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മീഷണര്‍ പി.നികേഷ് കുമാര്‍, ജില്ലാ ഓര്‍ഗനൈസിംഗ് കമ്മീഷണര്‍
വി.രാജന്‍, ജില്ലാ അസിസ്റ്റന്റ് ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ കെ.വി.സി ഗോപി എന്നിവര്‍ പദ്ധതികള്‍ വിശദീകരിച്ചു സംസാരിച്ചു. കബ്മാസ്റ്റര്‍
അതുല്‍കൃഷണ കെ.എസ്, കമ്പനി ലീഡര്‍ അനാമിക, ഗൈഡ് ഗോപിക, റോവര്‍ സ്‌കൗട്ട് വൈഷ്ണവ് എന്നിവര്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.