‘എന്റെ ഗ്രാമം, ടൂറിസം സൗഹൃദഗ്രാമം’; നടുവണ്ണൂരില്‍ പിക്‌നിക് ലാൻഡ് വരുന്നു


നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്ത് രാമന്‍പുഴ കേന്ദ്രമാക്കി ടൂറിസംവകുപ്പിന്റെ സഹകരണത്തോടെ പിക്നിക് ലാന്‍ഡ് ഒരുക്കുന്നു. ‘എന്റെ ഗ്രാമം, ടൂറിസം സൗഹൃദഗ്രാമം’ എന്ന പദ്ധതിയിലാണ് വിനോദസഞ്ചാര പദ്ധതി നടപ്പാക്കുന്നത്. സച്ചിന്‍ദേവ് എം.എല്‍.എക്കും വകുപ്പുമന്ത്രിക്കും പദ്ധതിരേഖ സമര്‍പ്പിച്ചു.

തെരുവത്തുകടവ് പാലംമുതല്‍ അയനിക്കാട് തുരുത്തുവരെ ഒന്നരകിലോമീറ്റര്‍ ഉല്ലാസബോട്ടു യാത്രയാണ് വിഭാവനംചെയ്തത്. ഉല്ലാസനൗക, സ്പീഡ് ബോട്ട്, പെഡല്‍ ബോട്ട്, നാടന്‍ വഞ്ചി എന്നിവയും ഒരുക്കും. നാടന്‍ വഞ്ചികളുടെ സേവനം വിട്ടുകിട്ടാന്‍ പ്രദേശത്തെ വഞ്ചി ഉടമകളുമായി അധികൃതര്‍ ചര്‍ച്ചനടത്തി. കുറഞ്ഞ നിരക്കില്‍ വിട്ടുനല്‍കാന്‍ ഉടമകള്‍ തയ്യാറായിട്ടുണ്ട്. 15-ഓളം വഞ്ചികളുടെ സേവനവും ലഭ്യമാകും.

ബോട്ടുയാത്ര ആരംഭിക്കുന്ന തെരുവത്തുകടവ് പാലത്തിനടുത്തും വെങ്ങളത്തുകണ്ടിക്കടവിലും അയനിക്കാട് തുരുത്തിലും ജെട്ടികള്‍ പണിയും. തെരുവത്തുകടവിലും അയനിക്കാട് തുരുത്തിലുമാണ് പിക്നിക് ലാന്‍ഡുകളൊരുക്കുക. ചൈല്‍ഡ് പ്ലേപാര്‍ക്ക്, ഭക്ഷണശാല, ഇരിപ്പിടസൗകര്യം, ക്ലോക് റൂം, ശുചിമുറികള്‍ തുടങ്ങിയവ ഏര്‍പ്പെടുത്തും.

കണയങ്കോട് ഉല്ലാസനൗക കേന്ദ്രം അത്തോളിയിലെ കുനിയില്‍ക്കടവ് വാട്ടര്‍സ്‌പോര്‍ട്സ് പാര്‍ക്ക് എന്നീ ഉല്ലാസ ജലയാത്രാ പദ്ധതികളുമായും കൂരാച്ചുണ്ടിലെ ടൂറിസം പദ്ധതികളുമായും ബന്ധപ്പെടുത്തി വികസിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് ഒരുക്കുന്നത്. ടൂറിസം ആരംഭിക്കുന്ന തെരുവത്തുകടവ് സംസ്ഥാന പാതയിലായതുകൊണ്ട് കൂടുതല്‍ സഞ്ചാരികളെത്തുമെന്നാണ് ഗ്രാമപ്പഞ്ചായത്തിന്റെ പ്രതീക്ഷ.

മൂന്നുകോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഗ്രാമപ്പഞ്ചായത്ത് പത്തുലക്ഷം രൂപ തനത് ഫണ്ടില്‍നിന്ന് അനുവദിക്കും. എം.എല്‍.എയുടെ ആസ്തി-വികസനഫണ്ടും ടൂറിസം വകുപ്പിന്റെ സഹായധനവും പ്രതീക്ഷിക്കുന്നു.

ഹരിതാഭമായ തീരംകൊണ്ടും സ്വച്ഛവും ശാന്തവുമായ ഒഴുക്കുകൊണ്ടും പിക്നിക്കിന് അനുയോജ്യമാണ് രാമന്‍പുഴ. തീരത്ത് വളരുന്ന ജലസസ്യങ്ങളെയും കണ്ടല്‍ക്കാടുകളെയും ജലജീവികളെയും കണ്ടുകൊണ്ടുള്ള യാത്ര ഉല്ലാസകരമാകും. രണ്ട് ഭാഗം രാമന്‍പുഴയാലും ഒരുഭാഗം മുതുവോട്ട് പുഴയാലും ചുറ്റപ്പെട്ടതാണ് അയനിക്കാട് തുരുത്ത്. തുരുത്തിനെ ചുറ്റിയുള്ള യാത്രയ്ക്കും അവസരമാകും. തുരുത്തിലെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ ഒട്ടേറെപേര്‍ ഇപ്പോള്‍ത്തന്നെ എത്തുന്നുണ്ട്.