എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ലോറിയ്ക്ക് തീപിടിച്ചു


കോഴിക്കോട്: മുക്കത്തിനടുത്ത് ഓടിക്കൊണ്ടിരിക്കുന്ന ടിപ്പര്‍ ലോറിയ്ക്ക് തീപിടിച്ചു. ലോറിയുടെ പിറകുവശത്തുള്ള ടയര്‍ ഉള്‍പ്പെടെയുള്ള ഭാഗമാണ് കത്തിയത്.

സംഭവം ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നെന്ന് മുക്കം അഗ്നിരക്ഷാ സേനാ പ്രവര്‍ത്തകര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ജീവനക്കാര്‍ ലോറിയിലെ തീയണയ്ക്കാനുള്ള സംവിധാനം ഉപയോഗിച്ച് തീകെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഫയര്‍ഫോഴ്‌സ് എത്തി വെള്ളം പമ്പു ചെയ്ത് തീകെടുത്തുകയായിരുന്നു.

രാവിലെ ഒമ്പതുമണിയോടെ എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയില്‍ കാരശേരി പഞ്ചായത്തിലെ ഓട തെരുവിലായിരുന്നു സംഭവം.