എടച്ചേരിയില്‍ കിണറിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടത്തില്‍പെട്ട തൊഴിലാളി മരിച്ചു


വടകര: നാദാപുരം എടച്ചേരി പുതിയങ്ങാടിയില്‍ കിണര്‍ നിര്‍മ്മാണത്തിനിടയില്‍ മണ്ണിടിഞ്ഞ് വീണ് കിണറില്‍പ്പെട്ട തൊഴിലാളി മരിച്ചു. കായക്കൊടി സ്വദേശി കുഞ്ഞമ്മദ് ആണ് മരിച്ചത്. അഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുഞ്ഞമ്മദിന്റെ മൃതദേഹം പുറത്തെടുത്തത്.

മുതിരകാട്ട് അമ്മദ്ന്റെ വീട്ടുപറമ്പില്‍ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. പുതിയ കിണറിന്റെ പടവുകള്‍ കെട്ടുന്ന പ്രവൃത്തി നടക്കുന്നതിനിയില്‍ മുകളില്‍ നിന്നും മണ്ണിടിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് മണ്ണിനടിയില്‍പ്പെട്ട രണ്ടുപേരെ ഫയര്‍ഫോഴ്സും എടച്ചേരി പോലീസും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തു. എന്നാല്‍ കുഞ്ഞമ്മദിനെ രക്ഷപ്പെടുത്താന്‍ സാധിച്ചിരുന്നില്ല.

നാദാപുരം ഫയര്‍ഫോഴ്സും എടച്ചേരി പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുഞ്ഞമ്മദിനെ കണ്ടെത്തുന്നതിനായി ജെസിബി ഉപയോഗിച്ച് കിണറില്‍ നിന്നും മണ്ണ് നീക്കം ചെയ്യുകയായിരുന്നു. കിണറില്‍ വെള്ളമുള്ളതും മണ്ണിടിഞ്ഞതും രാക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. അഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമത്തെത്തുടര്‍ന്നാണ് മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.