എടച്ചേരിയില്‍ കിണര്‍ ഇടിഞ്ഞ് പരിക്കേറ്റയാളെ സന്ദര്‍ശിക്കാനെത്തിയ യുവാവിന് ആശുപത്രിയില്‍ വെച്ച് പാമ്പുകടിയേറ്റു


വടകര: എടച്ചേരിയില്‍ കിണര്‍ ഇടിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ മരുതോങ്കര ചീനംവീട്ടില്‍ പൊക്കനെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയ യുവാവിന് പാമ്പുകടിയേറ്റു. പൊക്കന്റെ മകന്‍ നിഖില്‍ലാലിനൊപ്പം എത്തിയ മരുതോങ്കര സ്വദേശി സജേഷിനാണ് ആശുപത്രിക്ക് പുറത്തുവെച്ച് പാമ്പുകടിയേറ്റത്.

ആശ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൊക്കനെ കണ്ടശേഷം ഭക്ഷണം കഴിക്കാനായി പുറത്തേക്ക് ഇറങ്ങിയതായിരുന്നു ഇവര്‍. ഭക്ഷണം കഴിച്ച് മുഖം കഴുകുന്നതിനിടെയാണ് ചൂണ്ടുവിരലില്‍ എന്തോ കടിച്ചത്. പാമ്പാണെന്ന് സംശയം ഉയര്‍ന്നതോടെ ഉടന്‍തന്നെ ആശുപത്രിയില്‍ ചികിത്സ തേടി. രക്തപരിശോധനയില്‍ വിഷാംശമുണ്ടെന്ന് വ്യക്തമായതോടെ ആദ്യഡോസ് ആന്റിവെനം നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.