എടച്ചേരി സി.ഐയെ ആക്രമിച്ച കേസിലെ പ്രതികള്‍ റിമാന്‍ഡില്‍; പ്രതികള്‍ക്കെതിരെ പരാതി നല്‍കാത്ത നാദാപുരം ആശുപത്രിയ്ക്കെതിരെ പ്രതിഷേധം
നാദാപുരം: കസ്റ്റഡിയിലെടുക്കാന്‍ ചെന്ന സി.ഐയേയും സംഘത്തെയും ആക്രമിച്ച കേസിലെ പ്രതികള്‍ റിമാന്‍ഡില്‍. ഇരിങ്ങണ്ണൂര്‍ കായപ്പനച്ചി സ്വദേശികളായ വടക്കാവില് അര്ജുന്, കുതിരായടത്തില് അശ്വന്ത് (25) ഇയ്യനോത്ത് അക്ഷയ് എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. എടച്ചേരി സി.ഐ ജോഷി ജോസിനെയും സംഘത്തെയുമാണ് ഇവര്‍ ആക്രമിച്ചത്.
ചൊവ്വാഴ്ച സന്ധ്യയോടെഎടച്ചേരിയില് നാട്ടുകാരുമായി സംഘര്‍ഷമുണ്ടാക്കിയ യുവാക്കളെ കസ്റ്റഡിയിലെടുക്കാനായി നാദാപുരം താലൂക്ക് ആശുപത്രിയിലെത്തിയതായിരുന്ന പൊലീസുകാര്‍. യുവാക്കളോട് കാര്യം തിരിക്കുന്നതിനിടെ ഇവര്‍ ഇന്‍സ്പെക്ടര്‍ ജോഷി ജോസിനെയും സീനിയര്‍ സി.പി.ഒ കെ.എം മനോജിനെയും മര്‍ദ്ദിക്കുകയായിരുന്നു. കായപ്പനച്ചി പുഴ പുറമ്പോക്ക് കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന നടത്തുന്ന സംഘാംഗങ്ങളാണിവവര്.
പൊലീസിനുനേരെ അസഭ്യവര്‍ഷവുമായി താലൂക്ക് ആശുപത്രിയിലും ഇവര്‍ ബഹളമുണ്ടാക്കി. തുടര്‍ന്ന് പൊലീസ് ബലപ്രയോഗത്തിലൂടെ ഇവരെ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. സ്റ്റേഷനിലും ഇവര്‍ ബഹളവും അതിക്രമവും തുടര്‍ന്നു. ഓഫീസിലുണ്ടായ ഫര്‍ണിച്ചറുകള്‍ വലിച്ചെറിയുകയും അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു.
അതിനിടെ, ആശുപത്രിയില്‍ പരാക്രമം നടത്തുകയും നാശനഷ്ടം വരുത്തുകയും ചെയ്തിട്ടും പരാതി നല്‍കാത്ത ആശുപത്രി അധികൃതരുടെ നടപടിയ്ക്കെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ യൂത്ത് ലീഗ് നേതൃയോഗം സൂപ്രണ്ടിനെതിരെ നടപടിയാവശ്യപ്പെട്ട് രംഗത്തെത്തി.