എക്‌സൈസ് പിടികൂടുന്നവർക്ക്‌ ഇനി സ്റ്റേഷൻ ജാമ്യം ഇല്ല


കോഴിക്കോട്: അറസ്റ്റിലാകുന്ന പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിടുന്നരീതി അവസാനിപ്പിക്കാനൊരുങ്ങി എക്‌സൈസ്. കസ്റ്റഡിയിലെടുക്കുന്ന പ്രതികളെ ഇനി മജിസ്‌ട്രേറ്റിനുമുന്നിൽ ഹാജരാക്കി മാത്രമേ ജാമ്യം നൽകാവൂവെന്നാണ് കമ്മിഷണറുടെ പുതിയ ഉത്തരവ്. എന്നാൽ എക്‌സൈസ് റേഞ്ച്‌ സ്റ്റേഷനുകളിൽ ആവശ്യത്തിന് ലോക്കപ്പുകളില്ലാത്തത് പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

സംസ്ഥാനത്തെ ചില റേഞ്ച് ഓഫീസുകളില്‍ പ്രതികളെ സൂക്ഷിക്കുന്നതിനുള്ള ലോക്കപ്പുകളില്ല. രാത്രി പിടികൂടുന്ന പ്രതികളെ അസമയത്ത് മജിസ്‌ട്രേട്ടുമാരുടെ വീടുകളിലെത്തിക്കാനുമാകില്ല. കോടതിവഴി മാത്രമെ പ്രതികൾക്ക് ജാമ്യം ലഭിക്കൂ എന്നുള്ളതിനാൽ പ്രതികളെ കൂടുതൽ സമയം സ്റ്റേഷനുകളിൽ നിർത്തേണ്ടിവരും.

കാട്ടാക്കട, തിരുപുറം, അമരവിള, തിരുവനന്തപുരം, കിളിമാനൂർ, വർക്കല സ്റ്റേഷനുകളിൽ നിലവിൽ ലോക്കപ്പില്ല. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഷനിലും ലോക്കപ്പില്ല. ലഹരി ഉപയോഗിച്ചവരെ രാത്രി മുഴുവൻ സംരക്ഷിക്കുക എന്ന കടുത്ത ഉത്തരവാദിത്വമാണ് ജീവനക്കാരുടെ മേൽ വരുന്നത്. പ്രതികളായി പിടികൂടുന്നവരിൽ ചിലർ അക്രമാസക്തരാവുകയും സ്വയം മുറിവേൽപ്പിക്കുകയുമൊക്കെ ചെയ്യുന്നവരാണ്. ആവശ്യത്തിന് ജീവനക്കാരില്ലെങ്കിൽ ഇതും വലിയപ്രശ്‌നമായി മാറും.

രാത്രി പാറാവു ജോലിക്കാരനും പട്രോളിങ് സംഘവും മാത്രമാണ് സാധാരണയായി സ്റ്റേഷനുകളിൽ ഉണ്ടാകുക. പ്രതികൾ ഉള്ള സമയങ്ങളിൽ പാറാവുകാരുടെ എണ്ണം കൂട്ടുകയാണ് ചെയ്യുന്നത്. ഇതോടെ പട്രോളിങ്ങിന് ആളുകുറയും. മിക്ക സ്‌റ്റേഷനുകളിലും നിലവിൽ ഡ്രൈവർ ഉൾപ്പെടെ 14 പേർ വേണ്ടിടത്ത്, പത്ത് ജീവനക്കാരാണുള്ളത്. ഈ പത്തുപേരിൽ ഒരാൾ പാറാവും, മറ്റൊരാൾ കോടതിജോലിയും, ഒരാൾ റൈറ്റർ ജോലികളുമാണ് ചെയ്തു വരുന്നത്. ഒരാൾ അവധികൂടിയെടുക്കുകയാണെങ്കിൽ സ്‌റ്റേഷന്റെ പ്രവർത്തനം അവതാളത്തിലാണ്.