‘എം.എൽ.എ. നിങ്ങളോടൊപ്പം’ പരിപാടിക്ക് തുടക്കമായി; ആദ്യ ദിനം എത്തിയത് 117 പരാതികള്‍


ബാലുശ്ശേരി : നിയോജകമണ്ഡലത്തിലെ ആളുകളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം കാണുന്നതിന് കെ.എം. സച്ചിൻദേവ് എം.എൽ.എ.യുടെ നേതൃത്വത്വത്തിൽ നടത്തുന്ന ‘എം.എൽ.എ. നിങ്ങളോടൊപ്പം’ പരിപാടിക്ക് തുടക്കമായി. കോട്ടൂർ പഞ്ചായത്തിലാണ് ആദ്യപരിപാടി നടന്നത്. കൂട്ടാലിട സാംസ്കാരികനിലയത്തിൽ രാവിലെ 11 മുതൽ ഒരുമണിവരെ പരാതികൾ പരിഗണിച്ചു. വൈകീട്ട് മൂന്നുമുതൽ അഞ്ചുവരെ നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്തിലെ ആളുകൾക്കായി പഞ്ചായത്ത് ഹാളിലും പരാതികൾ പരിഗണിച്ചു.

വാഹനാപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലായ കോട്ടൂരിലെ വാഴോറമലയിൽ ഹരിദാസൻ (56) മുഖ്യമന്ത്രിയുടെ നിധിയിൽനിന്ന് സഹായധനം ആവശ്യപ്പെട്ട് നൽകിയ നിവേദനമാണ് ആദ്യത്തേത്. മൊത്തം 117 പരാതികൾ ലഭിച്ചു. ചെങ്ങോടുമല സംരക്ഷണ കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളും മല സംരക്ഷിക്കണമെന്ന് നിവേദനം നൽകി. സിയാക് നിർദേശിച്ച പുതിയ പഠനസംഘം വരുന്നതിനുമുമ്പ് വിഷയം ചർച്ചയ്ക്കെടുക്കുമെന്ന് എം.എൽ.എ. ഉറപ്പുനൽകി.

ഓരോ പഞ്ചായത്തിലും രണ്ടുമണിക്കൂർ പൊതുജനങ്ങളുടെ ആവശ്യങ്ങൾ നിവേദനമായി സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ ചികിത്സാസഹായധനത്തിന്റെ അപേക്ഷകളും സ്വീകരിക്കുകയുണ്ടായി. ചൊവ്വാഴ്ച രാവിലെ 11 മുതൽ ഒരുമണിവരെ കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളിലും മൂന്നുമുതൽ അഞ്ചുമണിവരെ കായണ്ണ പഞ്ചായത്ത് ഹാളിലും പരിപാടി നടത്തും.