ഉരുള്‍പ്പൊട്ടലുണ്ടായ കുറ്റ്യാടി ചുരവും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി
കുറ്റ്യാടി: കുറ്റ്യാടി ചുരത്തില്‍ ഉരുള്‍പ്പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ക്യാമ്പുകളിലേക്ക് മാറ്റിയവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ഉരുള്‍പ്പൊട്ടലുണ്ടായ മുളവട്ടം, ഇരുട്ടവളവ് എന്നീ സ്ഥലങ്ങളിലും സംഘം സന്ദര്‍ശിച്ചു.
കനത്ത മഴയെ തുടര്‍ന്ന് കുറ്റ്യാടി ചുരത്തില്‍ ചാത്തന്‍കോട് നടയുടെ ഭാഗത്ത് രണ്ടിടത്താണ് ഇന്നലെയാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. മുളവട്ടം, ഇരുട്ടവളവ് എന്നീ സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടിയത്. പ്രദേശത്തെ 24 കുടുംബങ്ങളെയാണ് നാല് ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചത്. പതിമൂന്ന് കുടുംബങ്ങളെയാണ് ചാത്തന്‍കോട്ട് നട ഹൈസ്‌കൂള്‍ ക്യാമ്പിലേക്ക് മാറ്റിയത്. ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സ്‌കൂളിന് ഇന്ന് ഹെഡ്മാസ്റ്റര്‍ അവധി നല്‍കി.
പ്രസിഡന്റിനെപ്പം ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സി.എം ബാബു, സി.എം യശോദ, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി, കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോര്‍ജ്ജ് മാസ്റ്റര്‍ എന്നിവരും ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.