ഉദയം പദ്ധതി: കെട്ടിടം 22ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും


കോഴിക്കോട്: തെരുവില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കാന്‍ ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച ഉദയം പദ്ധതിയുടെ ഭാഗമായി ചേവായൂര്‍ ത്വക്‌രോഗ ആശുപത്രി വളപ്പില്‍ നിര്‍മിച്ച പുതിയ കെട്ടിടം 22ന് വൈകിട്ട് 5.30ന് ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 150 പേരെ ഇവിടെ പാര്‍പ്പിക്കാം. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷമാണ് ഉദയം പദ്ധതി ആവിഷ്‌കരിച്ചത്. 1400 പേരെ ഇതുവരെ പുനരധിവസിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.

കൂടുതല്‍ പേരെ താമസിപ്പിച്ചു പരിചരണം നല്‍കാനും നൈപുണ്യ പരിശീലനം കൊടുക്കാനുമാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. വ്യവസായിയും മുന്‍ എംഎല്‍എയുമായ വി.കെ.സി.മമ്മദ്‌കോയ, ദയ റീഹാബിലിറ്റേഷന്‍ ട്രസ്റ്റ്, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്ട്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് കെട്ടിടം നിര്‍മിച്ചത്.