ഉത്ര വധക്കേസ്; വിധിയില്‍ തൃപ്തിയില്ല, തുടര്‍ നടപടി സ്വീകരിക്കുമെന്നും ഉത്രയുടെ അമ്മ മണിമേഖല


കൊല്ലം: മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷ. കോടതിയില്‍
വിധി കേള്‍ക്കാന്‍ ഉത്രയുടെ പിതാവും സഹോദരനും എത്തിയിരുന്നു. ശിക്ഷാവിധിയില്‍ തൃപ്തരല്ലെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഉത്രയുടെ അമ്മ മണിമേഖല. ശിക്ഷാ നിയമത്തിലെ പിഴവുകളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നത്. കൂടുതൽ ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും ഉത്രയുടെ അമ്മ പ്രതികരിച്ചു.

കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജാണു വിധി പ്രസ്താവിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നു കോടതി പറഞ്ഞു. വിവിധ കുറ്റങ്ങളില്‍ പത്തും ഏഴും വര്‍ഷം ശിക്ഷ അനുഭവിച്ചതിനു ശേഷമേ ജീവപര്യന്തം തടവ് ആരംഭിക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 ( കൊലപാതകം), 307 (വധശ്രമം), 328 (വിഷമുള്ള വസ്തു ഉപയോഗിച്ചുള്ള കൊലപാതകം), 201 (തെളിവ് നശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണു പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ശാസ്ത്രീയതെളിവുകളോടെ കുറ്റമറ്റ അന്വേഷണവും പ്രോസിക്യൂഷന്റെ ശക്തമായ വാദങ്ങളുമാണ് ഉത്രകേസിനെ ബലപ്പെടുത്തിയത്.

അഞ്ചല്‍ ഏറം ‘വിഷു’വില്‍ (വെള്ളശ്ശേരില്‍) വിജയസേനന്റെ മകള്‍ ഉത്രയ്ക്കു 2020 മേയ് ആറിനു രാത്രിയാണു പാമ്പുകടിയേറ്റത്. ഏഴിനു പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്.

ഉത്ര മരിച്ചതിനു തൊട്ടുപിന്നാലെ സൂരജ് സ്വത്തിലും കുഞ്ഞിലും അവകാശം ആവശ്യപ്പെട്ട് വഴക്കിട്ടതോടെ കുടുംബാംഗങ്ങള്‍ക്കു സംശയമുണ്ടാകുകയായിരുന്നു. ഉത്രയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണു രാജ്യത്തുതന്നെ അപൂര്‍വമായ ക്രൂരതയുടെ ചുരുളഴിഞ്ഞത്.

കൊലപാതകമാണെന്ന പരാതിയുമായി മാതാപിതാക്കള്‍ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിനെ കണ്ടണ്ടതിനെ തുടര്‍ന്ന്‌ ലോക്കല്‍ പൊലീസ് എഴുതിത്തള്ളിയ കേസിനു വഴിത്തിരിവുണ്ടായി. ജില്ലാ ക്രൈംബ്രാഞ്ചിനു കേസ് കൈമാറി. സാക്ഷികള്‍ ഇല്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചായിരുന്നു അന്വേഷണം. ഉത്രയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, കടിച്ച പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, രാസപരിശോധനാ ഫലങ്ങള്‍, മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് പരിശോധന, ഡമ്മി പരീക്ഷണം എന്നിവ നടത്തി.

മൃഗങ്ങളെ ഉപയോഗിച്ചു കൊലപ്പെടുത്തുന്നതു സംബന്ധിച്ച പഠനശാഖയ്ക്കാണ് കേസ് വഴിതുറന്നത്. പാമ്പ് സ്വാഭാവികമായി കടിക്കുമ്പോഴുള്ള പല്ലുകളുടെ അകലം, ബലപ്രയോഗത്തിലൂടെ കടിപ്പിക്കുമ്പോഴുള്ള പല്ലുകളുടെ അകലം. ശരീരത്തിലേക്ക് ഇറങ്ങുന്ന വിഷത്തിന്റെ അളവ് തുടങ്ങിയവ സംബന്ധിച്ചു വിവിധ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പഠനം തുടങ്ങി. ഇന്ത്യയില്‍ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ 3 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മുന്‍പുണ്ടായ 2 കേസുകളിലും പ്രതികളെ വിട്ടയച്ചിരുന്നു.