ഉത്ര കൊലക്കേസ്: സൂരജ് കുറ്റക്കാരന്‍; ശിക്ഷ മറ്റന്നാള്‍ പ്രഖ്യാപിക്കും; പ്രതിയുടെ നടപടി വിചിത്രവും പൈശാചികവുമെന്ന് പ്രോസിക്യൂഷന്‍


കൊല്ലം: സമൂഹമനസാക്ഷിയെ ഞെട്ടിച്ച കൊല്ലം അഞ്ചല്‍ ഉത്ര കൊലക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷ ഒക്ടോബര്‍ പതിമൂന്നിന് പ്രഖ്യാപിക്കും. പ്രോസിക്യൂഷന്‍ ചുമത്തിയ എല്ലാ വകുപ്പുകളും നിലനില്‍ക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി.

12.40 ഓടുകൂടിയാണ് കോടതി നടപടികള്‍ ആരംഭിച്ചത്. കോടതി നിര്‍ദേശം അനുസരിച്ച് സൂരജിനെ കോടതിയില്‍ എത്തിച്ചിരുന്നു. സൂരജിനു മുമ്പാകെ ജഡ്ജി കുറ്റംവായിച്ചു കേള്‍പ്പിച്ചു. എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഒന്നും പറയാനില്ലെന്നായിരുന്നു സൂരജിന്റെ പ്രതികരണം. പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

കൊല്ലപ്പെട്ട ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിലെത്തിയിരുന്നു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍ കോടതി ജഡ്ജി എം. മനോജാണ് കേസ് പരിഗണിച്ചത്.

ഭര്‍ത്താവ് സൂരജ് മൂര്‍ഖാന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 മെയ് ഏഴിനാണ് മൂര്‍ഖന്‍പാമ്പിന്റെ കടിയേറ്റ് ഉത്ര മരിച്ചത്. കൊലപാതകമാണെന്ന് ആരോപിച്ച് എട്ട് പേജുള്ള പരാതിയുമായി ഉത്രയുടെ മാതാപിതാക്കള്‍ റൂറല്‍ എസ്.പിയായിരുന്ന ഹരിശങ്കറിനെ കണ്ടതോടെയാണ് സൂരജിലേക്ക് അന്വേഷണമെത്തിയത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയും ആഗസ്റ്റ് 14ന് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. കേസിലെ വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

സ്വത്തിനുവേണ്ടി ഭര്‍ത്താവ് സൂരജ് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നതാണെന്നാണ് പ്രോസിക്യൂഷന്‍ വാദം. 87 സാക്ഷികളെ വിസ്തരിച്ചു. 288 രേഖകളും 40 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. കേസില്‍ സൂരജിന് പാമ്പിനെ നല്‍കിയ പാമ്പ് പിടുത്തക്കാരന്‍ സുരേഷിനെ മാപ്പുസാക്ഷിയാക്കിയിരുന്നു.

ഡമ്മി പരീക്ഷണത്തിലൂടെ കണ്ടെത്തി ശാസ്ത്രീയ തെളിവുകളും നിര്‍ണായകമായി. ഇതിലൂടെ പാമ്പിന്റെ പത്തിയില്‍പിടിച്ച് കൊത്തിച്ചുവെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നിരുന്നു.