ഉത്തര്‍പ്രദേശില്‍ കര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മേപ്പയ്യൂരില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനം


മേപ്പയ്യൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ നിയമങ്ങള്‍ക്കെതിരെ ഉത്തര്‍പ്രദേശില്‍ പ്രതിഷേധിച്ച കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലും സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത സംഭവത്തിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് മേപ്പയ്യൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. മേപ്പയ്യൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്യത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്.

ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ കര്‍ഷകര്‍ക്കിടയിലേക്ക് ബി.ജെ.പി നേതാക്കള്‍ മനപ്പൂര്‍വം വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. മനപ്പൂര്‍വ്വമായ കൂട്ടക്കൊലയ്ക്ക് തെളിവാണ് ദൃശ്യങ്ങളെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ആക്രമണത്തില്‍ നാല് കര്‍ഷകര്‍ അടക്കം ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. പ്രിയങ്ക ഗാന്ധി ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. പ്രിയങ്കയുടെ മോചനം ആവശ്യപ്പെട്ട് നൂറു കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിതാപുര്‍ ഗസ്റ്റ് ഹൗസിനു മുന്നില്‍ തടിച്ചുകൂടിയിരിക്കുകയാണ്.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.പി വേണുഗോപാലന്‍, മണ്ഡലം പ്രസിഡണ്ട് പൂക്കോട്ട് ബാബുരാജ്, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി അംഗം സി.എം ബാബു, യു.ഡി.എഫ് ചെയര്‍മാന്‍ കെ.പി രാമചന്ദ്രന്‍, ബിജു കുനിയില്‍, ശ്രയസ് ബാലകൃഷ്ണന്‍, പെരുമ്പട്ടാട്ട് അശോകന്‍, രാജേഷ് കുനിയത്ത്, നിദിന്‍ വിളയാട്ടൂര്‍, കെ.കെ ചന്തു, സുരേഷ് മൂനൊടിയില്‍, റിഞ്ചു രാജ്, സുഹനാദ് സി.പി എന്നിവര്‍ നേതൃത്വം നല്‍കി.