ഉണ്ണികുളത്തെ ഉമ്മുകുല്‍സു കൊലപാതകം: ഭര്‍ത്താവ് താജുദ്ദീന് പിടിയില്‍
ബാലുശ്ശേരി: ഉണ്ണികുളം വീര്യമ്പ്രത്ത് വാടകവീട്ടില്‍ ഉമ്മുകുല്‍സു (31) കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് എടരിക്കോട് സ്വദേശി താജുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ മൂന്ന് പേരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. താജുദ്ദീനെ കൂടാതെ മലപ്പുറം തിരൂര്‍ ഇരിങ്ങാവൂര്‍ സ്വദേശികളായ ആദിത്യന് ബിജു (19), ജോയല്‍ ജോര്‍ജ് (19) എന്നിവരാണ് അറസ്റ്റിലായത്. ഒന്നാംപ്രതിയായ താജുദ്ദീനെ മലപ്പുറം കൊളത്തൂരില്‍നിന്നാണ് ബാലുശ്ശേരി പോലീസ് ഇന്‍സ്പെക്ടര്‍ എം.കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച രാത്രി 10.30-ഓടെ അറസ്റ്റുചെയ്തത്.
രണ്ട്, മൂന്ന് പ്രതികളായ ആദിത്യൻ ബിജു, ജോയൽ ജോർജ് എന്നിവർ നേരത്തേ പിടിയിലായിരുന്നു. താജുദ്ദീന്റെ സുഹൃത്തുക്കളാണ് ആദിത്യൻ ബിജുവും ജോയലും. കൊലപാതകത്തിനു കൂട്ടുനിന്നതിനാണ് ഇവരുടെ അറസ്റ്റ്. മർദനത്തെത്തുടർന്നുള്ള ആന്തരികരക്തസ്രാവം കാരണമാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
കടുത്ത സംശയരോഗിയായ താജുദ്ദീൻ ഉമ്മുകുൽസുവിനെ അതിക്രൂരമായ ശാരീരികമർദനത്തിനിരയാക്കുമ്പോൾ രണ്ട്, മൂന്ന് പ്രതികൾ കൂടെയുണ്ടായിരുന്നു. ഒരാഴ്ചയോളം സുഹൃത്ത് സിറാജുദ്ദീന്റെ വീര്യമ്പ്രത്തെ വാടകവീട്ടിലായിരുന്നു താജുദ്ദീനും കുടുംബവും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉമ്മുകുൽസുവിനെയും മക്കളെയും കാറിൽ മലപ്പുറത്തേക്കു കൊണ്ടുപോയത്.
ഉമ്മുകുൽസുവിന് രഹസ്യമായി മൊബൈൽ ഫോൺ ഉണ്ടെന്നുപറഞ്ഞ് താജുദ്ദീൻ മലപ്പുറത്തെ വാടകവീട്ടിലും കാറിലും വെച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഫോൺ കണ്ടെടുക്കാനെന്നുപറഞ്ഞ് ഇയാൾ യുവതിയെയുംകൊണ്ട് വീര്യമ്പ്രത്തുനിന്ന് മലപ്പുറത്തേക്കും തിരിച്ചും പോകുമ്പോൾ കാറോടിച്ചത് രണ്ടാം പ്രതിയാണ്. ഈസമയത്തൊക്കെയും കാറിൽവെച്ച് താജുദ്ദീൻ യുവതിയെ മർദിച്ചിരുന്നതായും മറ്റുരണ്ടു പ്രതികൾ ഇതിന് സഹായംചെയ്തതായും പോലീസ് പറഞ്ഞു. വൈകീട്ടോടെ അവശനിലയിൽ യുവതിയെ സിറാജുദ്ദീന്റെ വീട്ടിലെത്തിച്ച് താജുദ്ദീൻ കടന്നുകളഞ്ഞു. കൂടെയുണ്ടായിരുന്ന രണ്ടു മക്കളെയും വഴിയിലുപേക്ഷിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. സിറാജുദ്ദീൻ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിയിൽവെച്ച് മരിച്ചിരുന്നു.
താജുദ്ദീനുമായി തെറ്റിപ്പിരിഞ്ഞ് ഉമ്മുകുൽസു സ്വന്തം വീട്ടിലായിരുന്നു. സംശയത്തിന്റെ പേരിൽ യുവതിയെ പീഡിപ്പിക്കുന്നത് പതിവായിരുന്നു. ഒരുമാസംമുമ്പാണ് ഇയാൾ വീട്ടിലെത്തി ഇവരെ കൂട്ടിക്കൊണ്ടുപോയത്. കോടതിയിൽ ഹാജരാക്കിയ ആദിത്യൻ ബിജു, ജോയൽ ജോർജ് എന്നിവരെ റിമാൻഡ് ചെയ്തു.