ഈ വർഷത്തെ ‘കേരളോത്സവം’ മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം; വിശദമായ വിവരങ്ങൾ അറിയാം
കോഴിക്കോട്: സംസ്ഥാന യുവജനക്ഷേമബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം-2021 കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനായി നടത്തും. മത്സരാര്‍ത്ഥികള്‍ക്കും ക്ലബ്ബുകള്‍ക്കും www.keralotsavam.com എന്ന വെബ്‌സൈറ്റ് മുഖേന നവംബര്‍ 25 മുതല്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം.
രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കുന്ന രജിസ്റ്റർ നമ്പറും കോഡ് നമ്പറും ഉപയോഗിച്ചാണ് മത്സരാര്‍ത്ഥികള്‍ റെക്കോഡ് ചെയ്ത വീഡിയോ അപ്‌ലോഡ് ചെയ്യേണ്ടത്. വീഡിയോ റെക്കോഡ് ചെയ്യുമ്പോള്‍ കോഡ് നമ്പര്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചിരിക്കണം.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
കലാ മത്സരങ്ങള്‍ മാത്രമാണ് ഇത്തവണ നടത്തുന്നത്. പഞ്ചായത്ത്-ബ്ലോക്ക് തല മത്സരങ്ങള്‍ ഒഴിവാക്കി ജില്ലാ- സംസ്ഥാനതല മത്സരങ്ങള്‍ മാത്രമാണ് സംഘടിപ്പിക്കുന്നത്. 49 ഇനങ്ങളിലാണ് മത്സരങ്ങള്‍. പ്രാഥമിക തലത്തില്‍ പരിശോധനാ സമിതിയുടെ വിധി നിര്‍ണയത്തിന് ശേഷം ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഓരോ മത്സരത്തിന്റെയും അഞ്ച് എന്‍ട്രികള്‍ വീതം ജില്ലാ തലത്തില്‍ നല്‍കും.
ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയവര്‍ക്ക് സംസ്ഥാന തലത്തില്‍ പങ്കെടുക്കാം. സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഒരു തവണ കൂടി മത്സര ഇനത്തിന്റെ വീഡിയോ അപ്‌ലോഡ് ചെയ്യണം. 18 മുതല്‍ 40 വയസ് വരെയുള്ളവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം.
വിവരങ്ങള്‍ക്ക്: www.keralotsavam.com. ഫോൺ: 9605098243, 8138898124, 04902373371.