പണമില്ലാത്തതിന്റെ പേരിൽ ഇനി പഠിപ്പ് മുടക്കേണ്ട; കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ വിവിധ സ്കോളർഷിപ്പുകൾക്കായി അപേക്ഷിക്കാം; വിശദ വിവരങ്ങൾ
കോഴിക്കോട്: പണമില്ലാത്തതിനാല്‍ ഇഷ്ടപ്പെട്ട കോഴ്‌സുകള്‍ പഠിക്കാന്‍ കഴിയുന്നില്ലെന്ന് ഇനി പറയരുത്. വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത്
കേന്ദ്ര,സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വിവിധ സ്‌കോളര്‍ഷിപ്പുകളാണ്. അവ ഏതെല്ലാമെന്ന് വിശദമായി നോക്കാം.
കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വിവിധ സ്കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം
- സമർഥരായ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സഹായം: 12–ാം ക്ലാസിലെ മാർക്ക് നോക്കി 82,000 കുട്ടികൾക്ക്. കേരളമടക്കം ഓരോ സംസ്ഥാനത്തിനും വെവ്വേറെ വകയിരുത്തിയിട്ടുണ്ട്. രണ്ടായിരത്തിലേറെപ്പേർക്കു ലഭിക്കും. പ്രസക്ത സ്കീമിൽ 80–ാം പെർസെന്റൈൽ എങ്കിലും വേണം. ഗ്രാജ്വേറ്റ് തലത്തിൽ 10,000 രൂപ, പിജി തലത്തിൽ 20,000 രൂപ ക്രമത്തിൽ വാർഷിക സ്കോളർഷിപ്. ബിടെക്കിനു 4 വർഷം ഗ്രാജ്വേറ്റ് നിരക്ക്. കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപ കവിയരുത്. അപേക്ഷ നവംബർ 30 വരെ.
- ഭിന്നശേഷിക്കാർക്കുള്ള സ്കോളർഷിപ്പുകൾ: 40% എങ്കിലും പരിമിതി ഉള്ളവർക്ക്. 9–ാം ക്ലാസ് മുതൽ പിജി തലം വരെ വിവിധ നിരക്കുകളിൽ സഹായം. കുടുംബ വാർഷികവരുമാനം 2.5 ലക്ഷം രൂപ കവിയരുത്. പ്രീ–മട്രിക് തലത്തിൽ നവംബർ 15 വരെയും പോസ്റ്റ് മട്രിക്, ടോപ്ക്ലാസ് (ഗ്രാജ്വേറ്റ്, പിജി/ഡിപ്ലോമ) തലങ്ങളിൽ നവംബർ 30 വരെയും അപേക്ഷിക്കാം. നടപ്പാക്കുന്നതു ഭിന്നശേഷി ശാക്തീകരണവകുപ്പ്.
- ബീഡി/സിനിമാ തൊഴിലാളികളുടെ മക്കൾക്ക്: ഒന്നാം ക്ലാസ് മുതൽ ബിടെക്/എംബിബിഎസ്/ബിഎസ്‌സി അഗ്രികൾചർ പ്രോഗ്രാമുകൾ വരെ. സഹായം 250–15,000 രൂപ. തൊട്ടുമുൻപത്തെ പരീക്ഷ ആദ്യ ചാൻസിൽ ജയിച്ചിരിക്കണം. കുടുംബ മാസവരുമാനം 10,000/8,000 രൂപ കവിയരുത്. പ്രീ–മെട്രിക് തലത്തിൽ നവംബർ 15 വരെയും പോസ്റ്റ് മെട്രിക് തലത്തിൽ നവംബർ 30 വരെയും അപേക്ഷിക്കാം. നടപ്പാക്കുന്നതു ലേബർ & എംപ്ലോയ്മെന്റ് വകുപ്പ്. വിശദമായ വ്യവസ്ഥകൾ https://scholarships.gov.in എന്ന വെബ്സൈറ്റിൽ.
സംസ്ഥാന സർക്കാർ സ്കോളർഷിപ്
- സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾക്കു സർക്കാർ അപേക്ഷ ക്ഷണിച്ചു. സർക്കാരിന്റെ പുതിയ തീരുമാനപ്രകാരം മുസ്‌ലിം വിദ്യാർഥികൾക്ക് 59.05%, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് 40.87% സ്കോളർഷിപ്പുകൾ ലഭിക്കും. നേരത്തേ ഉണ്ടായിരുന്ന 80:20 അനുപാതത്തിനെതിരായ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണു പുതിയ അനുപാതം. കഴിഞ്ഞ വർഷം മുസ്‌ലിം വിദ്യാർഥികൾക്കു ലഭിച്ച സ്കോളർഷിപ്പുകളുടെ എണ്ണത്തിലും തുകയിലും കുറവു വരുത്താതെയും ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് 40.87% ലഭിക്കാൻ പാകത്തിൽ അധിക തുക അനുവദിച്ചുമാണു സർക്കാർ ഉത്തരവിറക്കിയത്.
- പോളിടെക്‌നിക് ഡിപ്ലോമ വിദ്യാർഥികൾക്ക് എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഒരു വർഷത്തേക്ക് 6,000 രൂപ ലഭിക്കും. കഴിഞ്ഞ വർഷം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. 30% സ്കോളർഷിപ് പെൺകുട്ടികൾക്കാണ്.
- സർക്കാർ അംഗീകൃത സ്വകാര്യ ഐടിഐകളിൽ പഠിക്കുന്നവർക്കു ഫീസ് റീ–ഇംബേഴ്‌സ്‌മെന്റിന് അപേക്ഷിക്കാം. ഒരു വർഷ കോഴ്‌സിനു 10,000 രൂപയും രണ്ടു വർഷ കോഴ്‌സിന് 20,000 രൂപയും ലഭിക്കും. 10% സ്കോളർഷിപ് പെൺകുട്ടികൾക്കാണ്.
- നഴ്‌സിങ് ഡിപ്ലോമ, പാരാമെഡിക്കൽ ഡിപ്ലോമ വിദ്യാർഥികൾക്കു 15,000 രൂപയുടെ മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷിക്കാം. സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ മെറിറ്റ് പ്രവേശനം ലഭിച്ചവർക്കും അപേക്ഷിക്കാം. സിഎ, സിഎംഎ, സിഎസ് വിദ്യാർഥികൾക്കും 15,000 രൂപ സ്കോളർഷിപ്പുണ്ട്.
സ്കോളർഷിപ് വിവരങ്ങൾ www.minoritywelfare.kerala.gov.in. എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 0471–2300524.