ഇളവുകൾ പാളി; കുതിച്ചുയർന്ന് കോവിഡ് നിരക്ക്: ബാലുശ്ശേരി വീണ്ടും അടച്ചിടലിലേക്ക്
ബാലുശ്ശേരി : സംസ്ഥാനത്ത് നാല് കാറ്റഗറിയായി തിരിച്ച് ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ അഞ്ചുശതമാനത്തിൽ താഴെ ആയിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ബാലുശേരിയിൽ രണ്ടാഴ്ചകൊണ്ട് പതിനഞ്ചുശതമാനത്തിന് മുകളിലേക്കെത്തി. ഇതോടെ ശനി, ഞായർ, ഒഴികെ എല്ലാ ദിവസവും തുറന്നു പ്രവർത്തിച്ചിരുന്ന കടകൾ വ്യാഴാഴ്ചമുതൽ അടച്ചിട്ടു.
ബാലുശ്ശേരി പഞ്ചായത്തിൽ 117 കോവിഡ് കേസുകളാണ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത്. നിർമാണമേഖല, തൊഴിലുറപ്പ് ജോലികൾ, തുണിക്കടകൾ, ഉൾപ്പെടെ എല്ലാ മേഖലയെയും അടച്ചിടൽ ബാധിക്കും. ജൂൺമാസം അവസാനം ഇളവുകൾ പ്രഖ്യാപിക്കപ്പെട്ടതോടെ ബാലുശ്ശേരിയിൽ ടൗൺ വളരെപെട്ടെന്ന് തിരക്കിലമർന്നിരുന്നു.
അടച്ചിട്ടിരുന്ന മറ്റ് പ്രദേശങ്ങളിൽനിന്ന് ആളുകൾ വിവിധ ആവശ്യങ്ങൾക്കായി ബാലുശ്ശേരിയിൽ എത്തിയത് തിരക്കുകൂടാൻ കാരണമായി. എന്നാൽ, ആവശ്യത്തിന് ജാഗ്രത ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവാത്തതാണ് കോവിഡ് രോഗികളുടെ എണ്ണം കൂടാൻ കാരണമായത് എന്നാണ് വിലയിരുത്തുന്നത്.