ഇരുവഴിഞ്ഞിപ്പുഴയിലെ പതങ്കയത്ത് വിനോദ സഞ്ചാരത്തിനെത്തിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി


തിരുവമ്പാടി: ഇരുവഴിഞ്ഞിപ്പുഴയിലെ പതങ്കയത്ത് വിനോദ സഞ്ചാരത്തിനെത്തിയ യുവാവിനെ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കണ്ണൂര്‍ തലശേരി പാറമ്മല്‍ സ്വദേശി അനുഗ്രഹ് വീട്ടില്‍ നയിം ജാബിറി(22)നെയാണ് കാണാതായത്. വ്യാഴാഴ്ച പകല്‍ 11 ന് ശേഷമാണ് അപകടം.

തലശേരിയില്‍നിന്നുള്ള എട്ടംഗ സംഘം പകല്‍ പതിനൊന്നോടെയാണ് കോടഞ്ചേരിക്കടുത്ത നാരങ്ങാത്തോട് പതങ്കയത്ത് എത്തിയത്. പതങ്കയം രണ്ടാമത്തെ കയത്തില്‍ കുളിക്കുന്നതിനിടെ കാല്‍വഴുതി ഒഴുക്കില്‍പ്പെടുകയായിരുന്നു. ആദ്യം നാട്ടുകാരും പിന്നീട് സ്ഥലത്തെത്തിയ മുക്കം ഫയര്‍ ഫോഴ്‌സും കോടഞ്ചേരി പൊലീസും വിവിധ സന്നദ്ധ സംഘടനാ വളന്റിയര്‍മാരും വൈകിട്ട് ആറുവരെ പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ജാബിറിനായുള്ള തിരച്ചില്‍ വീണ്ടും പുനരാരംഭിച്ചു. മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ചാവും തിരച്ചില്‍ തുടരുകയെന്ന് മുക്കം ഫയര്‍‌സ്റ്റേഷന്‍ അസി. സ്റ്റേഷന്‍ ഓഫീസര്‍ എന്‍ വിജയന്‍ അറിയിച്ചു.