ഇരുവരും വിദേശത്ത്, സൂം മീറ്റിങ്ങിലൂടെ വിവാഹം രജിസ്റ്റര്‍ ചെയ്ത് ചക്കിട്ടപ്പാറ സ്വദേശിനി സജിനിയും മിഥുനും; പേരാമ്പ്ര മേഖലയിലെ വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള ആദ്യത്തെ വിവാഹ രജിസ്ട്രേഷന്‍
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ നിന്നും ആദ്യമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ വിവാഹം രജിസ്റ്റര്‍ ചെയ്ത് സജിനി മിഥുന്‍ ദമ്പതികള്‍. സൂം മീറ്റിങ്ങിലൂടെയായിരുന്നു സെക്രട്ടറി അനീഷ് അരവിന്ദ് ഇവരുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്.
ചെമ്പനോട പിലാത്തോട്ടത്തില്‍ നാണു-ചന്ദ്രിക ദമ്പതികളുടെ മകളാണ് പി.ടി സജിനി. പാലക്കാട് മടക്കുളമ്പ് കുന്നത്ത് ചന്ദ്രന്‍- സതി ദമ്പതികളുടെ മകനാണ് മിഥുന്‍ ചന്ദ്രന്‍. കഴിഞ്ഞ ഏപ്രില്‍ 12നായിരുന്നു ഇരുവരുടെയും വിവാഹം. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം രജിസ്‌ട്രേഷന്‍ നീണ്ടുപോയി. ഇതിനിടെ ജോലി ആവശ്യാര്‍ത്ഥം രണ്ടുപേരും വിദേശത്തേക്ക് തിരിച്ചുപോവുകയും ചെയ്തു.
കോവിഡ് കാലത്ത് രജിസ്‌ട്രേഷന്‍ നടത്താന്‍ പറ്റാതെ ദൂരെ സ്ഥലങ്ങളിലേക്ക് പോയവര്‍ ഹൈക്കോടതിയെ സമീപിച്ചതാണ് ഇവര്‍ക്ക് തുണയായത്. ഇതേത്തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഡിസംബര്‍ 31വരെ വിവാഹരജിസ്‌ട്രേഷന്‍ നടത്താന്‍ സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയിരുന്നു.
വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതു കാരണം വിദേശത്തുള്ള ഭര്‍ത്താവിനരികിലേക്ക് പോകാന്‍ പറ്റാത്ത നിരവധി ആളുകള്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏറെ സഹായകരമാണ്. രജിസ്‌ട്രേഷനുശേഷം നാട്ടിലെത്തി ഒരു മാസത്തിനകം പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ നേരിട്ട് ഒപ്പിട്ട് നല്‍കണം.