ഇരുപത് രൂപയ്ക്ക് ഊണ്; പേരാമ്പ്രയിലെ കുടുംബശ്രീ ജനകീയ ഹോട്ടൽ ഇനി പുതിയ കെട്ടിടത്തിൽ
പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ കുടുംബശ്രീ ജനകീയ ഹോട്ടല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൂടുതല്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് ഹോട്ടലിന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു പുതിയ കേട്ടിടത്തിലെ ഹോട്ടലിലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കഴിഞ്ഞ ഒന്നരവര്‍ഷക്കാലത്തോളമായി പേരാമ്പ്രയില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട്. ആളുകള്‍ കൂടുതലായി എത്തിതുടങ്ങിയതോടെ കൂടുതല്‍ സൗകര്യമുള്ള കെട്ടിടത്തിലേക്ക് ഹോട്ടലിന്റെ പ്രവര്‍ത്തനം മാറ്റുകയായിരുന്നു. പേരാമ്പ്ര-പയ്യോളി റോഡില്‍ ടെലിഫോണ്‍ എക്‌ച്ചേഞ്ചിനും കോടതിക്കും സമീപമായാണ് പുതിയ കെട്ടിടം. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങളും പുതിയ കെട്ടിടത്തിലുണ്ട്.
20 രൂപയ്ക്ക് ഊണ്‍ നല്‍കിയിരുന്ന ഹോട്ടലിന് വന്‍ സ്വീകാര്യതയാണ് ഇതുവരെ ജനങ്ങളില്‍ നിന്ന് ലഭിച്ചിട്ടുള്ളത്. പാര്‍സല്‍ സൗകര്യവും ഇവിടെ ലഭ്യമാണ്. പാര്‍സലിന് അഞ്ച് രൂപ അധികം നല്‍കണം. പാര്‍സല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഫോണ്‍ : 8943771245, 6238677483
ചടങ്ങില്‍ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, വൈസ് പ്രസിഡന്റ് റീന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ മിനി പൊന്‍പറ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ദീപ.ഡി, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.