ഇരിങ്ങല്‍ മേക്കന്നോളി പരദേവതാ ക്ഷേത്രത്തില്‍ വന്‍ തീപിടിത്തം; തീ അണച്ചത് മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്‌സിന്റെ സഹായത്താല്‍


പയ്യോളി: ഇരിങ്ങല്‍ മേക്കന്നോളി പരദേവതാ ക്ഷേത്രത്തില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച 8:20 ഓടെയാണ് തീപിടിത്തം ഉണ്ടായത്.

ക്ഷേത്രത്തിന് വടക്കുഭാഗത്താണ് ആദ്യം തീ പിടിച്ചത്. തുടര്‍ന്ന് മിനുറ്റുകള്‍ക്കകം വന്‍ തീപിടിത്തമായി. ക്ഷേത്രത്തിന്റെ മുക്കാല്‍ ഭാഗത്തോളം കത്തിനശിച്ചു. ശ്രീകോവില്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ തീ പടരുന്നത് നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര, കൊയിലാണ്ടി, വടകര എന്നിവിടങ്ങളില്‍ നിന്നായി മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ക്ഷേത്രത്തിലെ ചുറ്റുവിളക്കില്‍ നിന്നാണ് തീ പടര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം.

വലിയ വാഹനങ്ങള്‍ പോകാത്ത ഇടുങ്ങിയ വഴിയാണ് ക്ഷേത്രത്തിലേക്ക് ഉള്ളത് എന്നതിനാല്‍ ഫയര്‍ ഫോഴ്‌സിന്റെ ചെറിയ വാഹനങ്ങള്‍ എത്തിച്ചാണ് തീ അണച്ചതെന്ന് വടകര ഫയര്‍ ഫോഴ്‌സ് ഓഫീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഒരു മണിക്കൂറോളം സമയമെടുത്താണ് തീ പൂര്‍ണ്ണമായി അണച്ചതെന്നും ഫയര്‍ ഫോഴ്‌സ് അറിയിച്ചു.